Thursday, June 12, 2008

ഗുളികപുരാണം

പൌരാണിക കാലത്ത് മഹര്‍ഷിമാരാല്‍ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ കേരളീയ ജ്യോതിഷസമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ദശാധ്യായിയിലും പ്രശ്നമാര്‍ഗ്ഗത്തിലും ഗുളികനെ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ജ്യോതിഷികള്‍ ഫലപ്രവചനത്തിന് ഗുളികന്റെ സ്ഥിതിയും വിശകലനം ചെയ്യുന്നുണ്ട്.

ഗുളികന്‍ ഒരു ഗ്രഹമാണെന്നൊന്നും എവിടെയും പറയുന്നില്ല. മാത്രവുമല്ല മറ്റു ഗ്രഹങ്ങളേപ്പോലെ കൃത്യമായ സഞ്ചാരപഥമോ മറ്റോ ഇതിനുള്ളതായും കാണുന്നില്ല. എന്നാല്‍ എല്ലാ ദിവസവും പകലും രാത്രിയിലും ചില പ്രത്യേക സമയങ്ങളില്‍ ഗുളികന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി ജ്യോതിഷം പറയുന്നു.

ഗുളികനെ വളരെ കടുത്ത പാപഗ്രഹമായിട്ടാണ് കരുതുന്നത്. മന്ദന്‍ എന്ന് പേരുള്ള ശനിയുടെ പുത്രനായതിനാല്‍ ഗുളികന് മാന്ദിയെന്നും പേരുണ്ട്. ഗ്രഹനിലയില്‍ ‘മാ’ എന്നെഴുതിയാണ് ഗുളികന്റെ സ്ഥാനം രേഖപ്പെടുത്തുന്നത്. അരയ്ക്ക് കീഴ്പ്പോട്ട് പാമ്പിന്റെ രൂപം, ക്രൂരദൃഷ്ടിയുള്ള മൂന്ന് കണ്ണുകള്‍, നീചമായ പാപകര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള പ്രവണത, കണ്ണില്‍ക്കാണുന്ന ഏതിനേയും നശിപ്പിച്ചു കളയാനുള്ള സ്വഭാവം എന്നിങ്ങനെ ക്രൂരതയുടെ പര്യായമാണ് മാന്ദി.

ഗ്രഹനിലയിലെ ഗുളികന്റെ ദൃഷ്ടിയും പ്രത്യേകത നിറഞ്ഞതാണ്. തന്റെ വലത്തേക്കണ്ണുകൊണ്ട് നില്‍ക്കുന്നതിന്റെ ഇടത്തുവശത്തേക്കും (രണ്ടാം ഭാവം) ഇടത്തേക്കണ്ണുകൊണ്ട് വലത്തുവശത്തേക്കും (പന്ത്രണ്ടാം ഭാവം) മാന്ദി ദൃഷ്ടിപായിക്കുന്നു. കൂടാതെ സാധാരണപോലെ ഏഴാം ഭാവത്തിലേക്കും നോക്കുന്നുണ്ട്. മാന്ദി സ്ഥിതി ചെയ്യുന്നതും ദൃഷ്ടി ചെയ്യുന്നതുമായ എല്ലാ ഭാവങ്ങളെയും ആകെ നശിപ്പിക്കുമെന്നാണ് പ്രമാണം. മാത്രവുമല്ല കൂടെ നില്‍ക്കുന്ന ശുഭഗ്രഹങ്ങളേക്കൂടിപ്പോലും മാന്ദി കുഴപ്പക്കാരാക്കുമത്രെ. ഗ്രഹനിലയില്‍ ശനിയുമായുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ബന്ധം ഗുളികന്റെ നശീകരണശക്തിയെ വര്‍ധിപ്പിക്കുന്നു.

ഗുളികന്‍ പകല്‍ ഉദിക്കുന്ന സമയങ്ങള്‍ (ഗുളിക കാലം)
ഞായര്‍ - സൂര്യോദയം കഴിഞ്ഞ് 26 നാഴികയ്ക്ക്

തിങ്കള്‍ - 22 നാഴികയ്ക്ക്

ചൊവ്വ - 18 നാഴികയ്ക്ക്

ബുധന്‍ - 14 നാഴികയ്ക്ക്

വ്യാഴം - 10 നാഴികയ്ക്ക്

വെള്ളി - 6 നാഴികയ്ക്ക്

ശനി - 2 നാഴികയ്ക്ക്

ഗുളികന്‍ രാത്രി ഉദിക്കുന്ന സമയങ്ങള്‍

ഞായര്‍ - സൂര്യാസ്തമനം കഴിഞ്ഞ് 10 നാഴികയ്ക്ക്

തിങ്കള്‍ - 6 നാഴികയ്ക്ക്

ചൊവ്വ - 2 നാഴികയ്ക്ക്

ബുധന്‍ - 26 നാഴികയ്ക്ക്

വ്യാഴം - 22 നാഴികയ്ക്ക്

വെള്ളി - 18 നാഴികയ്ക്ക്

ശനി - 14 നാഴികയ്ക്ക്

Sunday, April 13, 2008

രാഹുകാലവും തെറ്റിദ്ധാരണകളും

പാലാഴി മഥനം നടത്തിക്കിട്ടിയ അമൃത് ദേവന്മാരെല്ലാം അകത്താക്കിക്കൊണ്ടിരുന്നപ്പോള്‍ സൈംഹികേയന്‍ എന്ന അസുരന്‍ വേഷം മാറിച്ചെന്ന് പങ്കുപറ്റാന്‍ ശ്രമിച്ചുവത്രേ. സെക്യൂരിറ്റികളായി നിന്ന സൂര്യചന്ദ്രന്മാര്‍ ഇത് കയ്യോടെ പിടിച്ചു. മഹാവിഷ്ണു ഉടന്‍ തന്നെ അസുരന്റെ തലയും വെട്ടി. ഏതായാലും കുടിച്ച അമൃത് അതിന്റെ ഗുണം കാണിച്ചു. തലയും ഉടലും വേറേ ആയെങ്കിലും അസുരന്‍ തട്ടിപ്പോയില്ല. തനിക്കിട്ട് പാരപണിത സൂര്യചന്ദ്രന്മാരെ ഓടിച്ചിട്ട് പിടിക്കലാണിപ്പോ അങ്ങേരുടെ പണി. ഇദ്ദേഹത്തിന്റെ രണ്ടുപാര്‍ട്ടുകളുമാണത്രേ രാഹു കേതുക്കള്‍.

കേരള ശാസ്ത്ര സാഹിത്യപരിക്ഷത്തിന്റെ ശാസ്ത്ര നിഘണ്ടുവില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

ഭൂമി സൂര്യനുചുറ്റും കറങ്ങുന്നതുമൂലം ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി എന്ന തോതില്‍ നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനത്തിന് മാറ്റം വരുന്നു. അതായത് നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്‍ ഒരു ദിവസം ഒരു ഡിഗ്രി എന്ന കണക്കില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന ഈ വൃത്തപഥമാണ് ക്രാന്തിവൃത്തം.

ഈ ക്രാന്തിവൃത്തവും ചന്ദ്രന്റെ സഞ്ചാരപഥവും തമ്മില്‍ 5 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ചന്ദ്രന്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്തരാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് രാഹു (Ascending Node) എന്നും, ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്നും ദക്ഷിണാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് കേതു (Decending Node) എന്നും പറയുന്നു.

ജ്യോതിഷത്തില്‍ ഇവരെ പാപഗ്രഹങ്ങളായിട്ടാണ് കരുതുന്നത്. ഇതില്‍ത്തന്നെ കേതുവിനേക്കാള്‍ സൌമ്യനായ രാഹുവിന് കൂടുതല്‍ പ്രാധാന്യം കേരളത്തിലുണ്ട്. രാഹുകാലം, രാഹുപൂജ, സര്‍പ്പാരാധന, കാവുകള്‍ ഇവയെല്ലാം രാഹുവുമായി ബന്ധപ്പെട്ടവയാണ്.

കേരളപക്ഷം എന്നും പരദേശപക്ഷം എന്നും രണ്ടുരീതിയില്‍ രാഹുകാലം കണക്കു കൂട്ടാറുണ്ട്. നമ്മുടെ നാട്ടില്‍ പരദേശപക്ഷരീതിയാണ് അനുവര്‍ത്തിച്ചുപോരുന്നത്. രാഹുവിന്റെ ദൃഷ്ടി ഭൂമിയില്‍ പതിക്കുന്ന ഈ സമയം ശുഭകാര്യങ്ങള്‍ക്ക് ഉചിതമല്ലെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. എന്നാല്‍ യാത്ര പുറപ്പെടുമ്പോള്‍ മാത്രമേ രാഹുകാലം ഒഴിവാക്കേണ്ടതുള്ളൂ എന്ന് പണ്ഡിതര്‍ അനുശാസിക്കുന്നു. ബിസിനസ് തുടങ്ങിയവ ആരംഭിക്കാന്‍ രാഹുകാലം ഉത്തമമാണെന്നും ചില ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. വിവാഹമുഹൂര്‍ത്തത്തിന് രാഹുകാലം ഒഴിവാക്കേണ്ട ആവശ്യമില്ല.

അഹിന്ദുക്കള്‍ പോലും ശുഭകാര്യങ്ങള്‍ക്ക് രാഹുകാലം ഒഴിവാക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാ‍ല്‍ ഇവരൊക്കെ കലണ്ടറില്‍ കാണുന്ന രാഹുകാലമാണ് പരിഗണിക്കുന്നത്. ഇത് ശുദ്ധമണ്ടത്തരമാണെന്നതാണ് വാസ്തവം. കലണ്ടറുകളില്‍ നല്‍കിയിട്ടുള്ള രാഹുകാല സമയം കൃത്യമല്ല. അവര്‍ ഒരു പകലിനെ 12 മണിക്കൂര്‍ എന്ന് സങ്കല്‍പ്പിച്ച്; അതിനെ ഒന്നര മണിക്കൂര്‍ വീതമുള്ള 8 ഭാഗങ്ങളായി തിരിച്ച് ഏകദേശ രാഹുകാലം കണക്കാക്കുന്നു. സൂര്യന്‍ 6 മണിക്ക് ഉദിച്ച് 6 മണിക്ക് അസ്തമിക്കുമെന്ന കണക്കുകൂട്ടലിലാണിത്. എന്നാല്‍ കേരളത്തിലൊരിടത്തും തന്നെ സൂര്യോദയവും അസ്തമനവും 6 മണിക്ക് നടക്കാറില്ലെന്നതാണ് വസ്തുത.

ശരിക്കും സൂര്യോദയത്തിനും ദിനമാനത്തിനും അനുസരിച്ച് രാഹുകാലസമയം വ്യത്യസ്ഥപ്പെട്ടുകൊണ്ടിരിക്കും. അത് കൃത്യമായി മനസിലാക്കാതെയിരുന്നാല്‍ രാഹുകാലം ഒഴിവാക്കിയിറങ്ങുന്നത് യഥാര്‍ഥ രാഹുകാലത്തായിരിക്കും.

രാഹുകാലം ഓര്‍ത്തിരിക്കാനുള്ള നിരവധി എളുപ്പമാര്‍ഗങ്ങളിലൊന്ന് ഇവിടെ പറയുന്നു. മൂന്നേമുക്കാല്‍ നാഴിക (ഒന്നര മണിക്കൂര്‍) ആണ് രാഹുകാലത്തിന്റെ ദൈര്‍ഘ്യം. താഴെപ്പറയുന്ന വാചകത്തിലെ വാക്കുകള്‍ ആഴ്ച ക്രമത്തില്‍ ഓര്‍ക്കുക.

Eleven Boys Have A Good Football Club

തിങ്കള്‍ - E (Eleven) അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരമാണല്ലോ E. 5 നൊപ്പം അതിന്റെ പകുതിയും കൂടെ കൂട്ടുക. 5 + 2.5 = 7.5. ഒന്നര മണിക്കൂറാണല്ലോ രാഹുകാലം. അതിനാല്‍ തിങ്കളാഴ്ച ഏഴര മുതല്‍ ഒന്‍പതുവരെയാണ് രാഹുകാലം.

ചൊവ്വ - B (Boys) അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം. 2 ഉം അതിന്റെ പകുതിയായ 1 ഉം കൂട്ടിയാല്‍ 3 കിട്ടും. അങ്ങനെ അന്ന് രാഹുകാലം 3 മുതല്‍ 4.30 വരെ.

ബുധന്‍ - H (Have) അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരം. 8 + 4 = 12. അപ്പൊള്‍ 12 മുതല്‍ 1.30 വരെ രാഹു.

വ്യാഴം - A അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരം. 1 + .5 = 1.5. ഒന്നര മുതല്‍ മൂന്നുവരെ രാഹു.

വെള്ളി - G (Good) അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം. 7 + 3.5 = 10.5. രാഹുകാലം 10.30 മുതല്‍ 12 വരെ.

ശനി - F (Football) അക്ഷരമാലയിലെ ആറാമത്തെ അക്ഷരം. 6 + 3 = 9. 9 മുതല്‍ 10.30 വരെ രാഹു.

ഞായര്‍ - C (Club) അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം. 3 + 1.5 = 4.5. രാഹുകാലം നാലര മുതല്‍ 6 വരെ.

ഈ രീതിയില്‍ കണക്കാക്കുന്ന രാഹുകാലം കലണ്ടറിലെ കണക്ക് തന്നെയാണ്.
ഉദയസമയമനുസരിച്ച് നോക്കുമ്പോള്‍ ഇതില്‍ വ്യത്യാസമുണ്ടാകും. കൃത്യമായി രാഹുകാലം കണ്ടുപിടിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ കലണ്ടറിലെ സമയത്തിന് മുന്‍പും പിന്‍പും അരമണിക്കൂര്‍ കൂട്ടി സേഫാക്കുന്നതാണ് നല്ലത്.

തിരക്ക് കാരണം കുറച്ച് മാസങ്ങള്‍ ബ്ലോഗിന് അവധി കൊടുത്തിരിക്കുകയായിരുന്നു. ഇനി മുടങ്ങാതെ വായിക്കുകയും എഴുതുകയും ചെയ്യണമെന്നാണ് ആഗ്രഹം.

Tuesday, February 12, 2008

പഞ്ചാംഗം നോക്കാന്‍ പഠിക്കാം

പഞ്ചാംഗമെന്നാല്‍ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നത് എന്നര്‍ത്ഥം.


ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ചലനങ്ങള്‍ കണ്ടുപിടിക്കാന്‍ അനേകം ഗണിത രീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് അറിയാമല്ലോ. എല്ലാദിവസവും ഇവയൊക്കെ കണക്കുകൂട്ടിയെടുക്കുന്നത് വളരെ ദുഷ്കരമാണ്. തന്മൂലം ഗണിതത്തില്‍ പാണ്ഡിത്യമുള്ള വിദഗ്ദര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള കണക്കുകള്‍ മുന്‍കൂട്ടി ഗണിച്ച് പഞ്ചാംഗരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.

ഇത്തരത്തില്‍ ഗവര്‍മെന്റ് അംഗീകരിച്ചും അല്ലാതെയും തയാറാക്കുന്ന അനേകം പഞ്ചാംഗങ്ങള്‍ നിലവിലുണ്ട്. കൂടാതെ നൂറിലധികം വര്‍ഷത്തെ കണക്കുകള്‍ ഒന്നിച്ചുള്ള ശതവര്‍ഷപഞ്ചാംഗവുമുണ്ട്. മലയാള പഞ്ചാംഗങ്ങളില്‍ പുതുവര്‍ഷം തുടങ്ങുന്നത് ചിങ്ങമാസത്തോടെയാണ്. ഇംഗ്ലീഷ്, മലയാളം, ശക, കലി, മുഹമ്മദീയ തുടങ്ങി മിക്കവാറുമെല്ലാ വര്‍ഷഗണനരീതികളും പഞ്ചാംഗത്തിലുണ്ടാകും.


സൂര്യന്‍ മുതലായ ഗ്രഹങ്ങള്‍ ദിവസവും രാശിചക്രത്തിലൂടെ സഞ്ചരിക്കുന്ന ദൂരം നല്‍കുന്ന പേജ്. ഉദയ സമയത്തെ സ്ഫുടങ്ങളാണിവിടെ കൊടുത്തിരിക്കുന്നത്.

ഇടതുവശത്ത് മലയാളം തീയതിയും വലത്തോട്ട് ഓരോ ഗ്രഹങ്ങളുടെ സ്ഫുടവും ഉണ്ട്. സൂര്യന്‍ 3 29 48 രാ: ഭാ: ക: എന്നെഴുതിയാല്‍, ഒന്നാം തീയതി ഉദയത്തിന് രവി 3 രാശി 29 ഭാഗ 48 കല (3 എസ് 29 ഡിഗ്രി 48 മിനിറ്റ്) സഞ്ചരിച്ചു എന്നര്‍ത്ഥം.

ഇവിടെ ഉദയം മുതല്‍ അസ്തമനം വരെയുള്ള സമയം (ദിനമാനം), അന്നത്തെ ഉദയവും അസ്തമനവും തുടങ്ങിയവ കൊടുത്തിരിക്കുന്നു. ഉദയാസ്തമങ്ങള്‍ മണിക്കൂര്‍ മിനിറ്റിലും, ദിനമാനം നാഴികവിനാഴികകളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓരോ ഗ്രഹങ്ങളും ഏതൊക്കെ ദിവസങ്ങളിലാണ് ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നതെന്ന് ഇവിടെപ്പറയുന്നു.

ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവ ഇവിടെ കാണാം.

ഓരോ ദിവസത്തേയും കാര്യങ്ങളറിയാന്‍ സാധാരണ പരിശോധിക്കുന്ന പേജാണിത്.

പേജിന്റെ മുകളില്‍ വര്‍ഷവും മാസവും കൊടുത്തിട്ടുണ്ട്. അതിനു തൊട്ടുതാഴെ എപ്പോള്‍ ‍ഏതുസമയത്താണ് ഈ മാസമായ മകരം തുടങ്ങിയതെന്ന് വിശദീകരിച്ചിരിക്കുന്നു. മകരരവിസംക്രമം എന്നാല്‍ മകരത്തിലേക്ക് സൂര്യന്‍ കടന്ന സമയം. ഒരു രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണല്ലോ ആ മാസം ആരംഭിക്കുന്നത്.

നമുക്ക് ഇന്നത്തെ പഞ്ചാംഗമൊന്ന് പരിശോധിക്കാം. ഇടതുവശത്ത് ഇംഗ്ലീഷ് തീയതിയും മാസവും കൊടുത്തിരിക്കുന്നു. അവിടെ ഫെബ്രുവരി 12 ഏറ്റവും താഴെ കാണാം. അടുത്ത കോളത്തില്‍ ശകമാസമാണ് കൊടുത്തിരിക്കുന്നത്. അതിനടുത്തത് മലയാളമാസം തീയതിയാണ്. ഇന്ന് മകരം 29. അടുത്തത് ആഴ്ച്ച. ആഴ്ച്ചയുടെ പേരിന്റെ ആദ്യാക്ഷരമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ‘കു’എന്നാല്‍ കുജവാരം. അതായത് ചൊവ്വാഴ്ച്ച.(ര - ഞായര്‍, ച - തിങ്കള്‍, കു - ചൊവ്വ, ബു - ബുധന്‍, ഗു - വ്യാഴം, ശു - വെള്ളി, മ - ശനി)

അടുത്ത കോളത്തില്‍ നക്ഷത്രമാണ് നല്‍കിയിരിക്കുന്നത്. ഇവിടേയും നക്ഷത്രത്തിന്റെ പേരിന്റെ ആദ്യാക്ഷരമാണ് കൊടുത്തിരിക്കുന്നത്. ഇവിടെ ‘അ’ എന്നാല്‍ അശ്വതി. അത്തം, അനിഴം, അവിട്ടം എന്നിവയുടേയും ആദ്യാക്ഷരം ‘അ’ ആണെങ്കിലും ഇവിടെ സൂചിപ്പിക്കുന്നത് അശ്വതിയെയാണെന്ന് ഇതിനു മുന്‍പും പിന്‍പുമുള്ള നക്ഷത്രങ്ങളെ നോക്കുകയും നക്ഷത്രങ്ങളുടെ ക്രമം ഓര്‍ക്കുകയും ചെയ്താല്‍ മനസിലാകും.

‘അ’ 51 36 എന്നതിന്റെ അര്‍ത്ഥം, അന്ന് സൂര്യനുദിച്ച് 51 നാഴികയും 36 വിനാഴികയും കഴിഞ്ഞാല്‍ അശ്വതി നക്ഷത്രം കഴിഞ്ഞ് ഭരണി ആരംഭിക്കുമെന്നാണ്. അല്ലെങ്കില്‍ ആ സമയത്ത് ചന്ദ്രന്‍ ഭരണിയിലേക്ക് കടക്കുമെന്നാണ്. (ഭരണി നക്ഷത്രമാണേ)

തിഥിയാണ് അടുത്തത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് തിഥി പറയുന്നത്. ‘ഷ’ എന്നാല്‍ ഷഷ്ഠി.

കരണങ്ങളാണ് അടുത്ത കോളത്തില്‍. ‘പ’ എന്നാല്‍ പന്നിക്കരണം. കരണത്തിന്റെ പകലും രാത്രിയിലുമുള്ള സമയങ്ങള്‍ ഇവിടെയുണ്ട്. അടുത്തത് നിത്യയോഗം. ‘ശു’ എന്നാല്‍ ശുഭയോഗം.

അടുത്ത പേജില്‍ ഗുളികന്‍ ഓരോ ദിവസവും രാത്രിയിലും പകലും ഉദിച്ച് അസ്തമിക്കുന്ന സമയങ്ങള്‍ കാണാം.

തിഥി, കരണം, നിത്യയോഗം, ഗുളികന്‍, ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവയെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.

താഴെപ്പറയുന്ന കാര്യങ്ങളും സാധാരണ പഞ്ചാംഗത്തില്‍ കാണാം.

അക്ഷാംശമനുസരിച്ചുള്ള സൂര്യാസ്തമനങ്ങള്‍.

ചില പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമയം.

പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഓരോ രാശികള്‍ക്കുമുള്ള ദൈര്‍ഘ്യം.

പഞ്ചാംഗത്തെക്കുറിച്ച് ഉമേഷ് നായര്‍ ഒട്ടേറെ മികച്ച ലേഖനങ്ങളെഴുതിയിട്ടുണ്ട്. കൂടുതലറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ അത് വായിക്കാം. ഉമേഷ്ജി ഗണിച്ചെടുത്ത പഞ്ചാംഗവും കാണാവുന്നതാണ്.

സ്കാനറില്ലാത്തതുകൊണ്ട് ചിത്രങ്ങളെല്ലാം മൊബൈലിലെടുത്തതാണ്. കുറവുകള്‍ കണ്ടേക്കാം ക്ഷമിക്കുമല്ലോ.

Sunday, February 10, 2008

നക്ഷത്രമെന്താണെന്ന് അറിയേണ്ടേ?

ഒരു കുഞ്ഞ് ജനിച്ചാലുടനെതന്നെ നക്ഷത്രമെന്താണെന്ന് നോക്കുന്നത് പതിവാണല്ലോ. സ്വന്തം നക്ഷത്രം എന്താണെന്നറിയാത്തവരും ഉണ്ടാകില്ല. ജ്യോതിഷത്തില്‍ നക്ഷത്രം അല്ലെങ്കില്‍ നാള്‍ എന്നുപറയുന്നത് എന്താണെന്നാണ് ഈ ലേഖനത്തിന്റെ വിഷയം.

മേടം, ഇടവം തുടങ്ങിയ 12 രാശികള്‍ ചേര്‍ന്നതാണ് രാശിചക്രമെന്ന് അറിയാമല്ലോ. ഇതേ രാശിചക്രത്തെത്തന്നെ 27 സമഭാഗങ്ങളായി വിഭജിച്ചാല്‍ കിട്ടുന്ന ഓരോ ഭാഗത്തേയും ഓരോ നക്ഷത്രമെന്ന് പറയുന്നു. മേടം മുതല്‍ വലത്തോട്ടാണ് രാശിചക്രത്തില്‍ നക്ഷത്രങ്ങള്‍ തുടങ്ങുന്നത്.

മേടം മുതല്‍ 12 രാശികളിലായി അശ്വതി തുടങ്ങി 27 നക്ഷത്രങ്ങളെ വിന്യസിച്ചിരിക്കുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രം വീതമാണുള്ളത്. നക്ഷത്രങ്ങളെ സൂചിപ്പിക്കാന്‍ അവയുടെ പേരിന്റെ ആദ്യാക്ഷരമാണ് ഉപയോഗിക്കുന്നത്.

നക്ഷത്രരാശിയെക്കുറിച്ചുള്ള ഷിജു അലക്സിന്റെ വിശദമായ ലേഖനം ഇവിടെ വായിക്കുക.

നക്ഷത്രങ്ങളുടെ ക്രമം ഇങ്ങനെയാണ്

1. അശ്വതി, 2. ഭരണി, 3. കാര്‍ത്തിക, 4. രോഹിണി, 5. മകയിരം, 6. തിരുവാതിര, 7. പുണര്‍തം, 8. പൂയം, 9. ആയില്യം, 10. മകം, 11. പൂരം, 12. ഉത്രം, 13. അത്തം, 14. ചിത്തിര, 15. ചോതി, 16. വിശാഖം, 17. അനിഴം, 18. തൃക്കേട്ട, 19. മൂലം, 20. പൂരാടം, 21. ഉത്രാടം, 22. തിരുവോണം, 23. അവിട്ടം, 24. ചതയം, 25. പൂരുരുട്ടാതി, 26. ഉത്രട്ടാതി, 27. രേവതി

ഓരോ രാശിയിലുമുള്ള നക്ഷത്രങ്ങള്‍
ഓരോ ഗ്രഹവും രാശിയുടെ ഏതേതു ഭാഗങ്ങളില്‍ നില്‍ക്കുന്നുവെന്ന് കണ്ടുപിടിക്കാനുള്ള ഗണിതരീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് പറഞ്ഞല്ലോ. അതുപോലെതന്നെ ഒരു നിശ്ചിത സമയത്ത് ഓരോ ഗ്രഹവും ഏത് നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും കണ്ടുപിടിക്കാം. സാധാരണ ഇത്തരം നക്ഷത്രസ്ഥിതികളും പഞ്ചാംഗത്തില്‍ ഉണ്ടായിരിക്കും.

എല്ലാഗ്രഹങ്ങളും ഓരോ നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും അവയില്‍ ചന്ദ്രന്റെ സ്ഥാ‍നം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. സൂര്യന്‍ ഏകദേശം 30 ദിവസം (ഒരു മാസം) കൊണ്ട് ഒരു രാശിയിലൂടെ കടന്നുപോകുന്നുണ്ടെന്ന് പറഞ്ഞല്ലോ. ചന്ദ്രന് ഒരു രാശിയിലൂടെ കടന്നുപോകാന്‍ 27 ദിവസമാണ് വേണ്ടിവരുന്നത്.


അതായത് രാശിചക്രത്തെ 27 ആയി ഭാഗിച്ചതിലെ ഒരു ഭാഗമായ ഒരു നക്ഷത്രത്തിലൂടെ കടക്കാന്‍ ചന്ദ്രന് ഏകദേശം ഒരു ദിവസം (24 മണിക്കൂര്‍ / 60 നാഴിക) വേണം. ചന്ദ്രന്‍ ഓരോ നക്ഷത്രത്തിലും എപ്പോഴൊക്കെയാണ് കടക്കുന്നത് എന്ന് കണ്ടുപിടിക്കാനുള്ള ഗണിതക്രിയകളും നിലവിലുണ്ട്. സൂര്യന്റെ ഉദയാസ്തമനങ്ങളുമായി ചന്ദ്രന്റെ ഈ സഞ്ചാരത്തിന് ബന്ധമൊന്നുമില്ല എന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്.


ഒരു കുട്ടിയുടെ ജനനസമയത്ത് ചന്ദ്രന്‍ ഏതു നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്; ആ നക്ഷത്രമാണ് കുട്ടിയുടെ നാള്‍ അല്ലെങ്കില്‍ ജന്മ നക്ഷത്രം.

ഗ്രഹങ്ങളേക്കുറിച്ച് ഒരല്‍പ്പം കൂടി

ജ്യോതിഷത്തിലെ നവഗ്രഹങ്ങളെല്ലാം ദിവസവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍ തുടങ്ങിയവയുടെ ഉദയാസ്തമനങ്ങള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയുമല്ലോ. കൂടാതെ ഇവയുടെയൊക്കെ സ്ഥാനവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു.

ഒരു നിശ്ചിത സമയത്ത് ഈ ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണെന്നതിനെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തില്‍ ഫലപ്രവചനം നടത്തുന്നത്. ഈ സ്ഥാനങ്ങളാണ് രാശിചക്രത്തില്‍ രേഖപ്പെടുത്തുന്നത്. ഇങ്ങനെ ഗ്രഹങ്ങളുടെ തത്സമയത്തെ സ്ഥാനം രേഖപ്പെടുത്തുന്നതുകൊണ്ടാണ് രാശിചക്രത്തിനെ ഗ്രഹനിലയെന്ന് വിളിക്കുന്നത്.

രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ കണ്ടുപിടിക്കാനായി സങ്കീര്‍ണ്ണമായ അനേകം ഗണിതക്രിയകള്‍ ജ്യോതിഷത്തിലുണ്ട്. എങ്കിലും ദൈനംദിനാവശ്യത്തിനായി ഓരോ ദിവസത്തേയും ഗ്രഹങ്ങളുടെ ഗതി കണക്കുകൂട്ടി വച്ചിട്ടുള്ള പഞ്ചാംഗങ്ങള്‍ ഉപയോഗിക്കാറാണ് പതിവ്.

രാശിചക്രത്തെ 12 സമഭാഗങ്ങളായി വിഭജിച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഇവയോരോന്നിനേയും 30 ഡിഗ്രി വീതമായി ഭാഗിച്ചിരിക്കുന്നു. അങ്ങനെ ആകെ 360 ഡിഗ്രിയാണ് രാശിചക്രം. ഈ 12 രാശികളില്‍ത്തന്നെയാണ് നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നത്. ഗ്രഹങ്ങള്‍ ഈ 12 രാശികളിലൂടെയും സഞ്ചരിച്ച് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നു.

ഒരു രാശിയിലൂടെ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന ഏകദേശസമയം.

സൂര്യന്‍ - 1 മാസം
ചന്ദ്രന്‍ - 2 1/4 ദിവസം
കുജന്‍ - 49 ദിവസം
ബുധന്‍ - 1 മാസം
ശുക്രന്‍ - 1 മാസം
വ്യാഴം - 361 ദിവസം
ശനി - 2 വര്‍ഷം 5 1/2 മാസം
രാഹു - 1 വര്‍ഷം 6 മാസം
കേതു - 1 വര്‍ഷം 6 മാസം

ഇംഗ്ലീഷ് മാസങ്ങളാണല്ലോ നമുക്കൊക്കെ സുപരിചിതം. കേരളീയ ജ്യോതിഷത്തില്‍ മാസം എന്നാല്‍ ചിങ്ങം, കന്നി, തുലാം, വൃഛികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, കര്‍ക്കിടകം എന്നീ മലയാള മാ‍സങ്ങളെയാണ് സൂചിപ്പിക്കുന്നത്.

സൂര്യന്‍ ഏത് രാശിയിലൂടെ സഞ്ചരിക്കുന്നുവോ അതിനെ അതാത് മാസമെന്ന് പറയുന്നു. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിച്ചാല്‍ അത് ചിങ്ങമാസം. കന്നിയിലൂടെ സഞ്ചരിച്ചാല്‍ അത് കന്നിമാസം. സൂര്യന്‍ ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം.

365 1/4 ദിവസം കൊണ്ട് സൂര്യന്‍ രാശിചക്രത്തെ ഒരു തവണ വലം വയ്ക്കും. ഏകദേശം 30 ദിവസമാണ് ഒരു രാശിയില്‍ സൂര്യനുള്ളത്. ചില മാസങ്ങളില്‍ അത് 29 മുതല്‍ 32 ദിവസം വരെയായെന്നും വരാം.

രാത്രി പന്ത്രണ്ടുമണി കഴിയുന്നതോടെ ദിവസം ആരംഭിച്ച് അടുത്ത രാ‍ത്രി 12 മണിയാവുമ്പോള്‍ അവസാനിക്കുന്നതാണ് നാം അനുവര്‍ത്തിച്ചുവരുന്ന രീതി. എന്നാല്‍ ജ്യോതിഷത്തില്‍ ഒരു ദിവസം ആരംഭിക്കുന്നത് സൂര്യോദയത്തോടെയാണ്. അടുത്ത സൂര്യോദയത്തിന് മുന്‍പ് അതവസാനിക്കുകയും ചെയ്യുന്നു.

സൂര്യോദയത്തിന്റെ സമയത്തെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തിലെ എല്ലാ ഗണിതക്രിയകളും നടത്തുന്നത്. അതിനാല്‍ കൃത്യമായ ഉദയസമയം കണ്ടെത്തേണ്ടത് പ്രവചനങ്ങളില്‍ കൃത്യതയുണ്ടാവാന്‍ അത്യന്താപേക്ഷിതമാണ്. ജാതകന്റെ ജനനസ്ഥലത്തെ ഉദയസമയം അവിടുത്തെ അക്ഷാംശരേഖാംശങ്ങളുടെ സഹായത്താല്‍ കണ്ടെത്തിയാണ് ഗ്രഹനില എഴുതേണ്ടത്.

Saturday, February 9, 2008

രാശിചക്രം ജ്യോതിഷത്തില്‍

ആധുനിക ജ്യോതിശാസ്ത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി രാശിചക്രം എന്ന സങ്കല്‍പ്പമാണ് ജ്യോതിഷത്തിനുള്ളതെന്ന് പറഞ്ഞല്ലോ. ഭൂമി സ്ഥിരമായി നില്‍ക്കുകയും രാശിചക്രം ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. ഇതിനെ ത്രിമാനരൂപത്തില്‍ ചിന്തിച്ചാല്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും.

കിഴക്കു ദിക്കിലേക്ക് നോക്കിനില്‍ക്കുന്നയൊരാളുടെ മുന്‍വശത്ത് രാശികള്‍ ഉദിച്ച് തലയ്ക്കുമുകളിലൂടെ സഞ്ചരിച്ച് പുറകില്‍ പടിഞ്ഞാറുവശത്തായി അസ്തമിക്കുന്നു. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കറങ്ങുന്നതിനാലാണ് ഇങ്ങനെ തോന്നുന്നത്. ഇപ്രകാരം 24 മണിക്കൂറുകൊണ്ട് രാശിചക്രം ഒരു പ്രാവശ്യം കറങ്ങുന്നുണ്ട്. രാശിചക്രത്തെക്കുറിച്ച് ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുന്ന ഒന്നാന്തരമൊരു ലേഖനം ഷിജു അലക്സ് ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ രാശിചക്രത്തെ മേടം മുതല്‍ മീനം വരെ 12 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. മേടം രാശിയെയാണ് രാശിചക്രത്തിന്റെ തുടക്കമായി കണക്കാക്കിയിരിക്കുന്നത്. കിഴക്കേ ചക്രവാളത്തില്‍ ആദ്യം മേടം രാശി പ്രത്യക്ഷപ്പെട്ട് മുകളിലേക്ക് ഉയരുന്നു. ഏകദേശം രണ്ട് മണിക്കൂറാണ് ഒരു രാശിയുടെ ദൈര്‍ഘ്യം. ഈ സമയം കഴിയുമ്പോള്‍ അടുത്ത രാശിയായ ഇടവം ചക്രവാളത്തിലെത്തും.

1) മേടം 2) ഇടവം 3) മിഥുനം 4) കര്‍ക്കിടകം 5) ചിങ്ങം 6) കന്നി 7) തുലാം 8) വൃഛികം 9) ധനു 10) മകരം 11) കുംഭം 12) മീനം എന്നതാണ് രാശികളുടെ ക്രമം.

ഇങ്ങനെ രാശിയുടെ തുടക്കം ചക്രവാളത്തിലെത്തുമ്പോള്‍ ആ രാശി ഉദിച്ചു എന്നാണ് പറയുക. ഒരു രാശി ഉദിച്ചുകഴിഞ്ഞ് അടുത്ത രാശി ചക്രവാളത്തിലെത്തുന്നതു വരെയുള്ള സമയത്തിനെ രാശി ഉദിച്ചു നില്‍ക്കുന്ന സമയം എന്ന് പറയുന്നു. ഇങ്ങനെ ഉദിച്ചു നില്‍ക്കുന്ന രാശിയെയാണ് ഉദയരാശിയെന്ന് വിളിക്കുന്നത്. രാശി ഉദിച്ചുനില്‍ക്കുന്ന സമയത്തെ രാശിമാനം എന്നു പറയും. സാധാരണ
നാഴിക വിനാഴികകളിലാണ് രാശിമാനം പറയാറുള്ളത്.

60 വിനാഴികകള്‍ ചേര്‍ന്നതാണ് ഒരു നാഴിക. 24 മിനിറ്റാണ് ഒരു നാഴികയെന്നും പറയാം. രണ്ട് നാഴികയും 30 വിനാഴികയും (രണ്ടര നാഴിക) ചേരുന്നതാണ് ഒരു മണിക്കൂര്‍. അപ്പോള്‍ ഒരു മിനിറ്റ് എന്നത് രണ്ടര വിനാഴികയായിട്ടുവരും. 24 മണിക്കൂര്‍ 60 നാഴികയാണല്ലോ അതിനാല്‍ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 60 നാഴികയെന്ന് പറയുന്നു.

ഭൂമിയുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ രാശി ഉദിച്ചു നില്‍ക്കുന്ന സമയത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാം. സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും അറിഞ്ഞാല്‍ ഓരോ രാശിയും കൃത്യമായി എത്ര സമയം അവിടെ ഉദിച്ചുനില്‍ക്കും എന്ന് കണ്ടുപിടിക്കാനാവും.

ദൂരവ്യത്യാസമുള്ളതിനാല്‍ കേരളത്തില്‍പ്പോലും വിവിധ സ്ഥലങ്ങളിലെ രാശിമാനം ഒരേപോലെയാവില്ല. എങ്കിലും കണക്കു കൂട്ടാനുള്ള സൌകര്യത്തിന് കേരളത്തിന്റെ ഏതാണ്ട്
മദ്ധ്യഭാഗമായ തൃശൂരിലെ രാശിമാനമാണ് പഞ്ചാംഗങ്ങളില്‍ കൊടുത്തിരിക്കുന്നത്. കൃത്യമായ രാശിമാനമാവശ്യമുള്ളവര്‍ക്ക് സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങളുടെ സഹായത്താല്‍ അത് ഗണിച്ചെടുക്കാന്‍ കഴിയും.

ഗ്രഹനിലയില്‍ രാശികളെ അടയാളപ്പെടുത്താന്‍ താഴെക്കാണിച്ചിരിക്കുന്നതുപോലെയുള്ള ചതുരമാണുപയോഗിക്കുന്നത്. ഉത്തരേന്ത്യയിലും മറ്റും വൃത്തത്തില്‍ ഗ്രഹനില അടയാളപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്.

Thursday, February 7, 2008

ഗ്രഹങ്ങളും ജ്യോതിഷവും

എങ്ങനെ പ്രകാശവര്‍ഷങ്ങളകലെ ജ്വലിച്ചുനില്‍ക്കുന്ന സൂര്യന്റെ കിരണങ്ങള്‍ക്ക് ഭൂമിയില്‍ രാവും പകലും പച്ചപ്പും ജീവനും ഊര്‍ജ്ജവുമെല്ലാം നല്‍കാന്‍ കഴിയുന്നോ; എങ്ങനെ ഭൂമിയേക്കാള്‍ എത്രയോ ചെറിയ ചന്ദ്രന് ഇവിടെ വേലിയേറ്റവും വേലിയിറക്കവും സസ്യലതാദികളില്‍ മാറ്റങ്ങളും സൃഷ്ടിക്കാന്‍ കഴിയുന്നോ അതുപോലെ നവഗ്രഹങ്ങള്‍ക്ക് ഭൂമിയിലും അതിലെ സകലചരാചരങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിശ്വാസമാണ് ഭാരതീയ ജ്യോതിഷത്തിന്റെ ആധാരം.

ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരേ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും അവയുടെ അര്‍ഥം രണ്ടു വിഷയത്തിലും വ്യത്യസ്ഥങ്ങളാണ്. ഉദാഹരണത്തിന് ഗ്രഹം എന്നത് അസ്ട്രോണമിയില്‍ Planet എന്നയര്‍ഥത്തിലാണുപയോഗിക്കുന്നത്. അവ സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്ന ഗോളങ്ങളാണ്.

ജ്യോതിഷത്തില്‍ ഗ്രഹം എന്നതില്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ജ്യോതിര്‍ഗോളങ്ങളും രാഹു, കേതു എന്നീ സാങ്കല്‍പ്പിക ബിന്ദുക്കളും ഉള്‍പ്പെടും.

ആധുനിക ജ്യോതിശാസ്ത്രം സൌരയൂഥം എന്ന സങ്കല്‍പ്പത്തിലാണ് വിശ്വസിക്കുന്നതെങ്കിലും ഭാരതീയ ജ്യോതിഷത്തില്‍ ആ രീതിയല്ല പിന്തുടരുന്നത്. സൌരയൂഥത്തില്‍ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ഭ്രമണം ചെയ്യുകയാണെങ്കില്‍, ജ്യോതിഷത്തില്‍ ഭൂമിയെയാണ് കേന്ദ്രമാക്കിയിരിക്കുന്നത്. ഭൂമിയിലുള്ള ജീവജാലങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിക്കുമ്പോള്‍ ഭൂമിയെ കേന്ദ്രമാക്കി ചിന്തിക്കുന്നതാവും നല്ലത് എന്നതാവും ഇതിലെ യുക്തി.

കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള പ്രപഞ്ചത്തില്‍ അതിലൊന്നുമാത്രമായ സൂര്യനെ കേന്ദ്രമായി സങ്കല്‍പ്പിക്കുന്നതില്‍ കാര്യമില്ലെന്നും അതിനാലാണ് മനുഷ്യന്റെ ആവാസകേന്ദ്രമായ ഭൂമിയെ അടിസ്ഥാനമാക്കി ചിന്തിക്കുന്നതെന്നും അഭിപ്രായമുണ്ട്.

സൌരയൂഥത്തിനു പകരമായി രാശിചക്രം എന്ന സങ്കല്‍പ്പമാണ് ജ്യോതിഷത്തിലുള്ളത്. അതിനേക്കുറിച്ച് അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം.

Wednesday, February 6, 2008

ജ്യോതിഷം വേദത്തിന്റെ കണ്ണ്

ജ്യോതിശാസ്ത്രം അഥവാ ജ്യോതിഷം ശ്രുതിചക്ഷുസ് (വേദത്തിന്റെ കണ്ണ്) ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജ്യോതിഷത്തിന് മറ്റ് വേദാംഗങ്ങളേക്കാള്‍ വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് ഇതില്‍ നിന്നും മനസിലാക്കാം.

എന്നാല്‍ ഇന്ന് നാമറിയുന്ന ജ്യോതിശാസ്ത്രമല്ല ഇത്. ഗണിതശാസ്ത്രമെന്ന മാത്തമാറ്റിക്സ് , ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ചലനങ്ങളേക്കുറിച്ച് പഠിക്കുന്ന അസ്ട്രോണമി, ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ഭൂമിയിലും അതിലെ ജീവജാലങ്ങളിലുമുള്ള സ്വാധീനത്തെപ്പറ്റി പഠിക്കുന്ന അസ്ട്രോളജി എന്നീ മൂന്ന് വിഭാഗങ്ങള്‍ ചേര്‍ന്ന് ജ്യോതിശ്ശാസ്ത്രം എന്ന ഒറ്റപേരിലായിരുന്നു ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്താണ് ഇവ വ്യത്യസ്ഥ ശാസ്ത്രശാഖകളായി വളര്‍ച്ച നേടിയത്.

ജ്യോതിഷത്തെ ഗണിതം, സംഹിത, ഹോര എന്നിങ്ങനെ മൂന്ന് സ്കന്ധങ്ങളായും, ഗണിതം, ഗോളം, ജാതകം, പ്രശ്നം, മുഹൂര്‍ത്തം, നിമിത്തം എന്നിങ്ങനെ ആറ് അംഗങ്ങളായും വിഭജിച്ചിട്ടുണ്ട്.

സൂര്യന്റേയും മറ്റ് ഗ്രഹങ്ങളുടേയും ചലനങ്ങളും മറ്റും കണക്കുകൂട്ടിയറിയുന്നതാണ് ഗണിതം. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടേയും വലിപ്പം, രൂപം തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്ന ശാഖയാണ് ഗോളം. വ്യക്തിയുടെ ജനനസമയത്തെ അടിസ്ഥാനമാക്കി ഫലം പറയുന്നതാണ് ജാതകം. ആരൂഢരാശി കണ്ടെത്തി അതിന്റെ സഹായത്താല്‍ ഫലം പറയുന്ന രീതിയാണ് പ്രശ്നം. വിവാഹം തുടങ്ങിയ കര്‍മ്മങ്ങള്‍ ഏതു സമയത്ത് നടത്തണം തുടങ്ങിയവയാണ് മുഹൂര്‍ത്തത്തില്‍ ചിന്തിക്കുന്നത്. അപ്പപ്പോള്‍ കാണുന്ന ശകുനങ്ങളേയും ലക്ഷണങ്ങളേയും അടിസ്ഥാനമാക്കി ഫലം പറയുന്ന രീതിയാണ് നിമിത്തം.

ഇതില്‍ ജാതകം, പ്രശ്നം, മുഹൂര്‍ത്തം എന്നിവയാണ് ഇന്ന് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ദേവപ്രശ്നം, അഷ്ടമംഗല്യപ്രശ്നം തുടങ്ങിയ വിശദമായ ചിന്തകളില്‍ നിമിത്തവും പരിഗണിക്കാറുണ്ട്.

റെഡിമെയ്ഡ് പഞ്ചാംഗങ്ങള്‍ സുലഭമായുള്ള ഇക്കാലത്ത് സാധാരണയാരും ഗോളം, ഗണിതം തുടങ്ങിയ രീതികള്‍ ഉപയോഗിക്കാറില്ല. ഓരോ ദിവസവും ഗ്രഹങ്ങളും നക്ഷത്രങ്ങളും സഞ്ചരിക്കുന്ന ദൂരവുമൊക്കെ പഞ്ചാംഗത്തില്‍ നല്‍കിയിട്ടുണ്ടാകും. ജനനസമയത്തെ ഗ്രഹനില പഞ്ചാംഗം നോക്കിയെഴുതിയതിനു ശേഷം ലഗ്നം മാത്രം കണ്ടുപിടിച്ചാല്‍ മതിയാകും. അതിനും ഇപ്പോള്‍ മികച്ച കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ലഭ്യമാണ്. എങ്കിലും ജ്യോത്സ്യന്‍ ഗണിതമറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പഞ്ചാംഗത്തിലും മറ്റും വന്നേക്കാവുന്ന തെറ്റുകള്‍ ഇതറിഞ്ഞാല്‍ കണ്ടുപിടിക്കാന്‍ കഴിയും.

Monday, February 4, 2008

ജ്യോതിഷ ഗ്രന്ഥങ്ങളും ചരിത്രവും

ജ്യോതിഷം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും അതില്‍ ഗവേഷണം നടത്തുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഗ്രന്ഥങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. എനിക്കറിയാവുന്ന പുസ്തകങ്ങളുടെ പേരുമാത്രമാണിവിടെ കൊടുത്തിരിക്കുന്നത്. കൂടുതലറിയുന്ന മുറയ്ക്ക് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്. വേറെ നല്ല കൃതികളേക്കുറിച്ചറിയാവുന്നവര്‍ പറഞ്ഞുതരാനപേക്ഷ.

ശിവപുത്രനായ ശ്രീ സുബ്രഹ്മണ്യന്‍ നിര്‍മ്മിച്ച സ്കന്ദഹോരയാണ് ജ്യോതിശാസ്ത്രത്തിന്റെ (അന്ന് ജ്യോതിശാസ്ത്രത്തിന്റെ ഭാഗമായിരുന്നു ജ്യോതിഷം) മൂലഗ്രന്ഥം. അഥര്‍വ്വവേദത്തിലെ മഹോപനിഷത്തെന്നും ജ്യോതിഷ്മതിയെന്നും അറിയപ്പെടുന്നതും ഇതു തന്നെ. ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയും അല്ലാതെയും വ്യാസന്‍, ഭൃഹു, ഗര്‍ഗ്ഗന്‍, വസിഷ്ഠന്‍, വിശ്വാമിത്രന്‍, പരാശരന്‍, ശ്രീശുകന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ഹോരാസംഹിതാദി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചു.

മഹര്‍ഷികള്‍ രചിച്ച ഗ്രന്ഥങ്ങള്‍ മനസിലാക്കിയെടുക്കാന്‍ അതീവദുഷ്കരങ്ങളായതുകൊണ്ട് അവയെ വ്യാഖ്യാനം ചെയ്ത് ശ്രുതകീര്‍ത്തി, സത്യന്‍, ചാണക്യന്‍, സിദ്ധസേനന്‍, മണിന്ധന്‍, ജീവശര്‍മ്മാവ് തുടങ്ങിയ ആചാര്യന്മാര്‍ പുതിയ ഗ്രന്ഥങ്ങളെഴുതി.

എഡി 550 നടുത്ത് ജീവിച്ചിരുന്ന വരാഹമിഹിരാചാര്യന്‍ ഈ ഗ്രന്ഥങ്ങളെ വീണ്ടും ലളിതവല്‍ക്കരിച്ച് 383 ശ്ലോകങ്ങളുള്ള വരാഹഹോര (ബൃഹജ്ജാതകം) ഉണ്ടാക്കി. ഭട്ടോല്‍പ്പലാചാര്യര്‍, ത്രിവിക്രമപണ്ഡിതാചാര്യര്‍ തുടങ്ങിയ ആചാര്യര്‍ വരാഹഹോരക്ക് സംസ്കൃതത്തില്‍ അനേകം വ്യാഖ്യാനങ്ങള്‍ രചിച്ചു.

കേരളീയ ജ്യോതിഷസമ്പ്രദായത്തിന്റെ അടിസ്ഥാനം വരാഹഹോരയാണ്. എഡി 1237 ല്‍ തലക്കുളത്ത് ഗോവിന്ദ ഭട്ടതിരി ഇതിനു ദശാധ്യായി എന്ന വ്യാഖ്യാനം സംസ്കൃതത്തില്‍ രചിച്ചു. കൈക്കുളങ്ങര രാമവാര്യരേപ്പോലെ നിരവധിയാളുകള്‍ മലയാളത്തില്‍ വരാഹഹോരക്ക് ഭാഷാവ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ വളരെ പ്രചാരമുള്ള ജ്യോതിഷ ഗ്രന്ഥമാണ് പ്രശ്നമാര്‍ഗ്ഗം. കൊല്ലവര്‍ഷം 825 മാണ്ടിനടുത്ത് തലശ്ശേരിക്കും കണ്ണൂരിനും മദ്ധ്യേയുള്ള ഇടക്കാട് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഇടക്കാട് നമ്പൂതിരിയാണ് ഗ്രന്ഥകര്‍ത്താവെന്ന് കരുതപ്പെടുന്നു. പ്രശ്നമാര്‍ഗ്ഗത്തിന് ദുര്‍ഗ്ഗമാര്‍ത്ഥപ്രകാശിനി എന്നൊരു വ്യാഖ്യാനം അദ്ദേഹം തന്നെയെഴുതിയിട്ടുണ്ട്.

മറ്റു പ്രധാന വ്യാഖ്യാനങ്ങള്‍.

രത്നശിഖ - കൈക്കുളങ്ങര രാമവാരിയര്‍
‍ഉപരത്നശിഖ - പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ
മനോരമ - നീലകണ്ഠന്‍ ആചാരി
Prasna Marga Vol 1 & 2 - B.V Raman
Prasna Marga Vol 1, 2, 3 - J.N Basil

സംസ്കൃതത്തില്‍ രചിച്ച് മലയാളത്തിലേക്ക് തര്‍ജിമചെയ്യപ്പെട്ട ഗ്രന്ഥങ്ങള്‍.

കൃഷ്ണീയം, ദൈവജ്ഞവല്ലഭ, ഗര്‍ഗ്ഗിഹോര, ബൃഹത് പരാശരഹോര, യവനഹോര, വരാഹസംഹിത, സാരാവലി, പ്രശ്നാനുഷ്ഠാനപദ്ധതി, പ്രശ്നസംഗ്രഹം, പ്രശ്നരത്നം, സന്താനദീപിക, ഫലദീപിക, ജാതകപാരിജാതം, ബൃഹജ്ജാതകപദ്ധതി, മുഹൂര്‍ത്തപദവി, ജാതകചന്ദ്രിക.

പ്രമുഖ ജ്യോതിഷപണ്ഡിതര്‍ മലയാളത്തിലെഴുതുകയും വ്യാഖ്യാനം ചെയ്യുകയും ചെയ്ത ഗ്രന്ഥങ്ങള്‍

ശ്രീപതിപദ്ധതി - വ്യാഖ്യാനം പി.എസ്.പുരുഷോത്തമന്‍ നമ്പൂതിരി
ദൃഗ്ഗണിതം - പരമേശ്വരാചാര്യര്‍
മുഹൂര്‍ത്തരത്നം - ഗോവിന്ദാചാര്യന്
‍ഗോവിന്ദപദ്ധതി - ഗോവിന്ദാചാര്യന്
‍ഭാഷാജാതകപദ്ധതി - ആറന്മുള കൊച്ചുക്യഷ്ണനാശാന്‍
വരാഹഹോര ദശാദ്ധ്യായി - തലക്കുളത്തു ഗോവിന്ദഭട്ടതിരി
നവഗ്രഹഫലങ്ങള്‍ - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍പ്രശ്നപ്രദീപം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍നിത്യപഞ്ചാംഗഗണിതം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍ജ്യോതിഷദീപം - ഡോ.പി.എസ്.നായര്‍
‍ജ്യോതിഷഫലനിഘണ്ടു - പ്രൊഫ.എന്‍.ഇ.മുത്തുസ്വാമി
ജ്യോതിഷനിഘണ്ടു - ഓണക്കൂര്‍ ശങ്കരഗണകന്‍
‍വിവാഹവിജ്ഞാനം - ഓണക്കൂര്‍ ശങ്കരഗണകന്‍
നവരത്നങ്ങള്‍ ജ്യോതിഷത്തില്‍ - പ്രൊഫ.എന്‍.ഇ.മുത്തുസ്വാമി
ബൃഹജ്ജാതകം - വ്യാഖ്യാനം ഓണക്കൂര്‍ ശങ്കരഗണകന്‍
‍ജാതകപാരിജാതം - വ്യാഖ്യാനം എന്‍.പുരുഷോത്തമന്‍ പോറ്റി
കര്‍മ്മവിപാകം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍കാലവിധാനം - വ്യാഖ്യാനം ഡോ.കെ.ബാലക്യഷ്ണവാരിയര്‍
‍കര്‍മ്മപദ്ധതി - എം.മാധവന്‍ നായര്
‍പ്രശ്നമാര്‍ഗ്ഗം - വ്യാഖ്യാനം ക്യഷ്ണാലയം എം.കെ ഗോവിന്ദന്‍
‍ജാതകാഭരണം - വ്യാഖ്യാനം പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
മരണക്കണ്ടി (തമിഴ്) - വ്യാഖ്യാനം എം.ക്യുഷ്ണന്‍ പോറ്റി
ജ്യോതിഷഫലചന്ദ്രിക - പ്രൊഫ.കെ.രാമക്യഷ്ണപിള്ള
സമ്പൂര്‍ണ്ണഹോരാശാസ്ത്രം - പ്രൊഫ.കെ.രാമക്യഷ്ണപിള്ള
ഭാവചിന്ത 1 & 2 - കെ.കെ.ജനാര്‍ദ്ദനക്കുറുപ്പ്
ജ്യോതിഷമാര്‍ഗ്ഗദര്‍ശി - കെ.കെ.ജനാര്‍ദ്ദനക്കുറുപ്പ്
അനുഷ്ഠാനവിജ്ഞാനകോശം - ഡോ.കെ.ബാലകൃഷ്ണവാര്യര്‍
സമ്പൂര്‍ണ്ണജാതകഗണിതം
പൊരുത്തശോധന
നക്ഷത്രജാതകരഹസ്യം
ലഗ്നഫലദീപിക
സ്ത്രീജാതകം

ഇംഗ്ലീഷിലുള്ള ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ചിലത്.

Healing with Astrology - Maria Starck
Remedical Measures in Astrology - Dr.Gowri Shankar Kapoor
Hindu Predective Astrology - B.V Raman
The Nakshatras - Dennis.M.Harness
Remedical Astrology - K.K Pathan
The Astrology of Seers - David Frawley
Vedic Remedies in Astrology - Sanjay Rath
Astrology for Beginners - B.V Raman
A Manual of Hindu Astrology - B.V Raman
A Catechism of Astrology - B.V Raman
Hindu Predictive Astrology - B.V Raman
How to Judge a Horoscope Vol 1 & 2 - B.V Raman
Three Hundred Important Combinations - B.V Raman
Notable Horoscopes - B.V Raman
My Experiments with Astrology - B.V Raman
Nirayana Tables of Houses - B.V Raman
Bhavartha Ratnakara - B.V Raman
Ashtakavarga System of Prediction - B.V Raman

ഇവ കൂടാതെ നിരവധി താളിയോലഗ്രന്ഥങ്ങളും മറ്റും കൈവശമുള്ളവരുണ്ട്. അവയില്‍ പലതും നൂറ്റാണ്ടുകളായി കൈമാറിവരുന്നതും രഹസ്യസ്വഭാവമുള്ളവയുമാണ്. പാഴൂര്‍ പോലെയുള്ള തറവാടുകളില്‍ ഇത്തരം നിരവധി ജ്യോതിഷരഹസ്യങ്ങളടങ്ങിയ താളിയോലകളുണ്ടെന്നും അവയാണ് അക്കൂട്ടരുടെ വിശേഷപാണ്ഡിത്യത്തിനു കാരണമെന്നും വിശ്വസിക്കപ്പെടുന്നു.

ഇവിടെ ഉപയോഗിക്കുന്ന റെഫറന്‍സ് ഗ്രന്ഥങ്ങള്‍

ജ്യോതിഷചിന്തകള്‍ എന്ന ഈ ബ്ലോഗിലെ ലേഖനങ്ങള്‍ എഴുതാനായി മേല്‍പ്പറഞ്ഞതും അല്ലാത്തതുമാ‍യ നിരവധി ഗ്രന്ഥങ്ങളുടെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ എന്റെ ജ്യോതിഷക്ലാസുകളിലെ നോട്ടുകള്‍, പേരറിയാത്ത ചില പുസ്തകങ്ങള്‍, നിരവധി ജ്യോതിഷപണ്ഡിതരുമായുള്ള സംഭാഷണങ്ങള്‍ തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ടെന്ന കാര്യം കൃതജ്ഞതയോടെ അറിയിക്കട്ടെ. അവയുടെ കോപ്പിറൈറ്റ് അതാത് പ്രസാധകരില്‍ നിക്ഷിപ്തമാണ്.

Sunday, February 3, 2008

ജ്യോതിഷ ബ്ലോഗ് : ആമുഖം

ആയുര്‍വ്വേദവും ജ്യോതിഷവും പോലെയുള്ള ഭാരതീയ ശാസ്ത്രങ്ങള്‍ക്കൊരു ദുര്‍വിധിയുണ്ട്. അന്ധമായി എതിര്‍ക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുക എന്നതാണത്. ഏത് വിഷയത്തിലും നിരന്തരമായ ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും മാത്രമേ അതിലെ തെറ്റും ശരിയും മനസിലാക്കാന്‍ കഴിയൂ. അതിനുള്ള അവകാശം പോലും ജ്യോതിഷത്തിന് നിഷേധിക്കപ്പെടുന്നു എന്നതാണ് സത്യം.


മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന എന്തെങ്കിലും ജ്യോതിഷത്തിലുണ്ടോ എന്നറിയണം. അതിന് ഈ വിഷയത്തില്‍ പഠനവും ഗവേഷണവുമാവശ്യമാണ്. ഏതെങ്കിലും സര്‍വ്വകലാശാലയോ മറ്റോ ഇതിനെപ്പറ്റി പഠിക്കാന്‍ ശ്രമിച്ചാല്‍ അപ്പോ തുടങ്ങുകയായി പ്രതിഷേധങ്ങള്‍. എന്തിനാണീ മുന്‍വിധികള്‍? താല്പര്യമുള്ളവര്‍ ഗവേഷണം നടത്തട്ടെ എന്നാലല്ലേ ഇതിലെ നെല്ലും പതിരും തിരിച്ചറിയൂ.


ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയതാണിത്തരം ശാസ്ത്രങ്ങള്‍. ഇന്നത്തെ സാഹചര്യത്തില്‍ അവയില്‍ ധാരാളം പൊരുത്തക്കേടുകള്‍ ഉണ്ടാവാം. അവയെ തിരുത്തി കാലത്തിനനുയോജ്യമായ രീതിയില്‍ കൊണ്ടുവരണം. എല്ലാ ശാസ്ത്രങ്ങളുടെയും തുടക്കം ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് അവയൊക്കെ വളര്‍ന്ന് ഇന്നത്തെ നിലയിലെത്തിയത്.

ഇന്ന് ജ്യോതിഷത്തിന് വ്യക്തമായ ഒരു പഠന സമ്പ്രദായമില്ല. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗുരുകുല സമ്പ്രദായ രീതിയിലായിരുന്നു ജ്യോതിഷവും ആയുര്‍വ്വേദവുമൊക്കെ പഠിച്ചിരുന്നത്. അഞ്ചോ ആറോ വയസില്‍ തുടങ്ങുന്ന പഠനം പതിനഞ്ച് വര്‍ഷത്തോളം നീളാറുണ്ട്. അക്കാലമത്രയും ഗുരുവിനോടോപ്പം താമസിച്ച് തിയറിക്കൊപ്പം പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സുകൂടി നേടിയാണൊരാള്‍ പുറത്തുവരുന്നത്. അങ്ങനെയൊരാള്‍ നടത്തുന്ന പ്രവചങ്ങള്‍ ഒരു പക്ഷേ സത്യമായേക്കാം.


ജ്യോതിഷം വന്‍ബിസിനസ് ആണിന്ന്. പതിനായിരം രൂപയോളം ദിവസവരുമാനമുണ്ടാക്കുന്ന ജ്യോതിഷരെ എനിക്ക് നേരിട്ടറിയാം. എന്നാലിവരില്‍ ബഹുഭൂരിപക്ഷത്തിനും ജ്യോതിഷമറിയില്ല എന്നതാണ് വസ്തുത. ആരുടെയെങ്കിലും കൂടെ കുറച്ചുകാലം നിന്നോ, പുസ്തകങ്ങള്‍ വായിച്ചോ കുറച്ച് ശ്ലോകങ്ങളും മറ്റും കാണാതെ പഠിച്ചതിനു ശേഷം ബോര്‍ഡ് വയ്കുകയാണിവര്‍. നാക്കിന്റെ ബലത്തില്‍ കസര്‍ത്തു കാണിക്കുന്ന ഇത്തരമാളുകളാണ് ഈ മഹത്തായ ശാസ്ത്രത്തിന്റെ വില കളയുന്നത്.

നാമെപ്പോഴും ജ്യോതിഷിയെ മനസില്‍ കണ്ടുകൊണ്ടാണ് ജ്യോതിഷത്തെ വിമര്‍ശിക്കുന്നത്. ഒരു ഡോക്ടര്‍ക്ക് തെറ്റുപറ്റിയാല്‍ അത് വൈദ്യശാസ്ത്രത്തിന്റെ കുറവായി കാണാന്‍ കഴിയില്ലല്ലോ. ജ്യോത്സ്യന്റെ കഴിവുകേടുകൊണ്ടുണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് ഒരിക്കലും ജ്യോതിഷശാസ്ത്രം ഉത്തരവാദിയല്ല.

പലപ്പോഴും ക്യുത്യമായ ഇന്‍പുട്ടുകള്‍ കിട്ടാറില്ല എന്നതാണ് ജ്യോതിഷിയുടെ പ്രശ്നം. ഒരു ജാതകം എഴുതുന്നതിന് ജാതകന്റെ ക്യുത്യമായ ജനനസമയം, തീയതി, സ്ഥലം എന്നിവ വേണ്ടിവരും. പലപ്പോഴും ആശുപതിയില്‍ നിന്നറിയുന്ന സമയം ശരിയായിക്കോളണമെന്നില്ല. സമയം എന്നത് സ്ഥലമനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നതും ജ്യോത്സ്യന്‍ ശ്രദ്ധിക്കേണ്ടതാണ്. കൊല്‍ക്കൊത്തയില്‍ ജനിച്ച കുട്ടിയുടെ ജാതകമെഴുതാന്‍ ത്രിശൂരിലെ സമയം ആസ്പദമാക്കിയ പഞ്ചാംഗം ഉപയോഗിച്ചാല്‍ തെറ്റുണ്ടാകുമെന്നത് ഉറപ്പാണ്. അവിടെ സ്ഥലവും സമയവ്യത്യാസവും നോക്കി സ്ഫുടം കണക്കുകൂട്ടിത്തന്നെ കണ്ടുപിടിക്കണം. ഇത് നല്ല ജ്ഞാനമുള്ള ജ്യോതിഷിക്കേ കഴിയൂ.


അതുപോലെതന്നെയാണ് കല്യാണം മുടക്കിയായി ദുഷ്പേരുകേള്‍ക്കുന്ന ചൊവ്വാദോഷം. ഇതാരോപിക്കപ്പെടുന്ന കേസുകളില്‍ ഭൂരിപക്ഷത്തിനും ചൊവ്വാദോഷം ഇല്ല എന്നതാണ് സത്യം. മുറിവൈദ്യന്മാരാണിവിടേയും കുഴപ്പക്കാര്‍. ഗ്രന്ഥങ്ങളില്‍ കുജദോഷത്തെ വളരെ വ്യക്തമായി ഡിഫൈന്‍ ചെയ്തിട്ടുണ്ട്. കുറേ നിയമങ്ങള്‍ സാറ്റിസ്ഫൈ ചെയ്താലേ അതുണ്ടെന്ന് പറയാനാവൂ. എന്നാലിപ്പോഴോ ഏഴില്‍ കുജനെ കണ്ടാലുടനെ ചൊവ്വാദോഷമെന്ന് വിളിച്ചുകൂവുകയായി.


‘ചിത്തിര പിറന്നാല്‍ അത്തറ മുടിയും‘ എന്നതുപോലെ ചില നാളുകളേക്കുറിച്ച് പറയാറുണ്ട്. ഇത്തരം ജനറലൈസേഷനിലും വലിയ കഴമ്പൊന്നുമില്ല. ഒരു നാളുമാത്രം അടിസ്ഥാനമാക്കി ഒന്നിനേക്കുറിച്ചും പറയാന്‍ സാധ്യമല്ല.


രാഹുകാലമെന്നതും ഇത്തരമൊരു മിഥ്യാസങ്കല്‍പ്പമാണ്. രാഹുകാലത്ത് യാത്ര പുറപ്പെടുന്നതിനുമാത്രമേ വിലക്കുള്ളു. വിവാഹം, കച്ചവടം തുടങ്ങിയ ശുഭകാര്യങ്ങള്‍ ഈ സമയത്ത് നടത്തുന്നതിന് കുഴപ്പമൊന്നുമില്ല. മാത്രമല്ല കലണ്ടറില്‍ കാണുന്നതല്ല യഥാര്‍ഥ രാഹുകാലം. അത്; അതാത് ദിവസത്തെ ദിനമാനമനുസരിച്ച് ഗണിച്ചെടുക്കേണ്ടതാണ്. അല്ലെങ്കില്‍ രാഹുകാലമൊഴിവാക്കിയിറങ്ങുന്നത് ക്യുത്യം രാഹുകാലത്തായിരിക്കും.


ദൂരെയിരുന്ന് കണ്ടുസംസാരിക്കുക, ആകാശത്തുകൂടി പറന്നുനടക്കുക, ബഹിരാകാശത്ത് ചുറ്റിക്കറങ്ങുക തുടങ്ങി ഒരു കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ഇന്ന് സാധാരണ സംഭവമാണ്. ജീനുകള്‍ അനലൈസ് ചെയ്ത് ഭാവിയില്‍ വരാനുള്ള രോഗങ്ങളേക്കുറിച്ചുപോലും അറിയാന്‍ കഴിയുമെന്നായിരിക്കുന്നു. ഒരു പക്ഷേ; ഒരു നൂറുവര്‍ഷം കഴിഞ്ഞാല്‍ ഭാവി മുന്‍കൂട്ടിക്കാണാനുള്ള കഴിവും മനുഷ്യനുണ്ടാവില്ലെന്നാരു കണ്ടു.


ജ്യോതിഷത്തെക്കുറിച്ച് എനിയ്ക്കറിയാവുന്നത് പങ്കുവയ്ക്കാനും ഈ വിഷയത്തില്‍ താല്പര്യമുള്ളവരുമായി സംവദിക്കാനുമുള്ള ഒരു വേദിയാണ് ഈ ബ്ലോഗ്. മുന്‍ വിധികളൊന്നുമില്ലാതെ ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. വിഷയത്തെ സംബന്ധിച്ചുള്ള അറിവുകളും അഭിപ്രായങ്ങളും ദയവായി ഇവിടെ രേഖപ്പെടുത്തുക.