Sunday, April 13, 2008

രാഹുകാലവും തെറ്റിദ്ധാരണകളും

പാലാഴി മഥനം നടത്തിക്കിട്ടിയ അമൃത് ദേവന്മാരെല്ലാം അകത്താക്കിക്കൊണ്ടിരുന്നപ്പോള്‍ സൈംഹികേയന്‍ എന്ന അസുരന്‍ വേഷം മാറിച്ചെന്ന് പങ്കുപറ്റാന്‍ ശ്രമിച്ചുവത്രേ. സെക്യൂരിറ്റികളായി നിന്ന സൂര്യചന്ദ്രന്മാര്‍ ഇത് കയ്യോടെ പിടിച്ചു. മഹാവിഷ്ണു ഉടന്‍ തന്നെ അസുരന്റെ തലയും വെട്ടി. ഏതായാലും കുടിച്ച അമൃത് അതിന്റെ ഗുണം കാണിച്ചു. തലയും ഉടലും വേറേ ആയെങ്കിലും അസുരന്‍ തട്ടിപ്പോയില്ല. തനിക്കിട്ട് പാരപണിത സൂര്യചന്ദ്രന്മാരെ ഓടിച്ചിട്ട് പിടിക്കലാണിപ്പോ അങ്ങേരുടെ പണി. ഇദ്ദേഹത്തിന്റെ രണ്ടുപാര്‍ട്ടുകളുമാണത്രേ രാഹു കേതുക്കള്‍.

കേരള ശാസ്ത്ര സാഹിത്യപരിക്ഷത്തിന്റെ ശാസ്ത്ര നിഘണ്ടുവില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

ഭൂമി സൂര്യനുചുറ്റും കറങ്ങുന്നതുമൂലം ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി എന്ന തോതില്‍ നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനത്തിന് മാറ്റം വരുന്നു. അതായത് നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്‍ ഒരു ദിവസം ഒരു ഡിഗ്രി എന്ന കണക്കില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന ഈ വൃത്തപഥമാണ് ക്രാന്തിവൃത്തം.

ഈ ക്രാന്തിവൃത്തവും ചന്ദ്രന്റെ സഞ്ചാരപഥവും തമ്മില്‍ 5 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ചന്ദ്രന്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്തരാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് രാഹു (Ascending Node) എന്നും, ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്നും ദക്ഷിണാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് കേതു (Decending Node) എന്നും പറയുന്നു.

ജ്യോതിഷത്തില്‍ ഇവരെ പാപഗ്രഹങ്ങളായിട്ടാണ് കരുതുന്നത്. ഇതില്‍ത്തന്നെ കേതുവിനേക്കാള്‍ സൌമ്യനായ രാഹുവിന് കൂടുതല്‍ പ്രാധാന്യം കേരളത്തിലുണ്ട്. രാഹുകാലം, രാഹുപൂജ, സര്‍പ്പാരാധന, കാവുകള്‍ ഇവയെല്ലാം രാഹുവുമായി ബന്ധപ്പെട്ടവയാണ്.

കേരളപക്ഷം എന്നും പരദേശപക്ഷം എന്നും രണ്ടുരീതിയില്‍ രാഹുകാലം കണക്കു കൂട്ടാറുണ്ട്. നമ്മുടെ നാട്ടില്‍ പരദേശപക്ഷരീതിയാണ് അനുവര്‍ത്തിച്ചുപോരുന്നത്. രാഹുവിന്റെ ദൃഷ്ടി ഭൂമിയില്‍ പതിക്കുന്ന ഈ സമയം ശുഭകാര്യങ്ങള്‍ക്ക് ഉചിതമല്ലെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. എന്നാല്‍ യാത്ര പുറപ്പെടുമ്പോള്‍ മാത്രമേ രാഹുകാലം ഒഴിവാക്കേണ്ടതുള്ളൂ എന്ന് പണ്ഡിതര്‍ അനുശാസിക്കുന്നു. ബിസിനസ് തുടങ്ങിയവ ആരംഭിക്കാന്‍ രാഹുകാലം ഉത്തമമാണെന്നും ചില ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. വിവാഹമുഹൂര്‍ത്തത്തിന് രാഹുകാലം ഒഴിവാക്കേണ്ട ആവശ്യമില്ല.

അഹിന്ദുക്കള്‍ പോലും ശുഭകാര്യങ്ങള്‍ക്ക് രാഹുകാലം ഒഴിവാക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാ‍ല്‍ ഇവരൊക്കെ കലണ്ടറില്‍ കാണുന്ന രാഹുകാലമാണ് പരിഗണിക്കുന്നത്. ഇത് ശുദ്ധമണ്ടത്തരമാണെന്നതാണ് വാസ്തവം. കലണ്ടറുകളില്‍ നല്‍കിയിട്ടുള്ള രാഹുകാല സമയം കൃത്യമല്ല. അവര്‍ ഒരു പകലിനെ 12 മണിക്കൂര്‍ എന്ന് സങ്കല്‍പ്പിച്ച്; അതിനെ ഒന്നര മണിക്കൂര്‍ വീതമുള്ള 8 ഭാഗങ്ങളായി തിരിച്ച് ഏകദേശ രാഹുകാലം കണക്കാക്കുന്നു. സൂര്യന്‍ 6 മണിക്ക് ഉദിച്ച് 6 മണിക്ക് അസ്തമിക്കുമെന്ന കണക്കുകൂട്ടലിലാണിത്. എന്നാല്‍ കേരളത്തിലൊരിടത്തും തന്നെ സൂര്യോദയവും അസ്തമനവും 6 മണിക്ക് നടക്കാറില്ലെന്നതാണ് വസ്തുത.

ശരിക്കും സൂര്യോദയത്തിനും ദിനമാനത്തിനും അനുസരിച്ച് രാഹുകാലസമയം വ്യത്യസ്ഥപ്പെട്ടുകൊണ്ടിരിക്കും. അത് കൃത്യമായി മനസിലാക്കാതെയിരുന്നാല്‍ രാഹുകാലം ഒഴിവാക്കിയിറങ്ങുന്നത് യഥാര്‍ഥ രാഹുകാലത്തായിരിക്കും.

രാഹുകാലം ഓര്‍ത്തിരിക്കാനുള്ള നിരവധി എളുപ്പമാര്‍ഗങ്ങളിലൊന്ന് ഇവിടെ പറയുന്നു. മൂന്നേമുക്കാല്‍ നാഴിക (ഒന്നര മണിക്കൂര്‍) ആണ് രാഹുകാലത്തിന്റെ ദൈര്‍ഘ്യം. താഴെപ്പറയുന്ന വാചകത്തിലെ വാക്കുകള്‍ ആഴ്ച ക്രമത്തില്‍ ഓര്‍ക്കുക.

Eleven Boys Have A Good Football Club

തിങ്കള്‍ - E (Eleven) അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരമാണല്ലോ E. 5 നൊപ്പം അതിന്റെ പകുതിയും കൂടെ കൂട്ടുക. 5 + 2.5 = 7.5. ഒന്നര മണിക്കൂറാണല്ലോ രാഹുകാലം. അതിനാല്‍ തിങ്കളാഴ്ച ഏഴര മുതല്‍ ഒന്‍പതുവരെയാണ് രാഹുകാലം.

ചൊവ്വ - B (Boys) അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം. 2 ഉം അതിന്റെ പകുതിയായ 1 ഉം കൂട്ടിയാല്‍ 3 കിട്ടും. അങ്ങനെ അന്ന് രാഹുകാലം 3 മുതല്‍ 4.30 വരെ.

ബുധന്‍ - H (Have) അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരം. 8 + 4 = 12. അപ്പൊള്‍ 12 മുതല്‍ 1.30 വരെ രാഹു.

വ്യാഴം - A അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരം. 1 + .5 = 1.5. ഒന്നര മുതല്‍ മൂന്നുവരെ രാഹു.

വെള്ളി - G (Good) അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം. 7 + 3.5 = 10.5. രാഹുകാലം 10.30 മുതല്‍ 12 വരെ.

ശനി - F (Football) അക്ഷരമാലയിലെ ആറാമത്തെ അക്ഷരം. 6 + 3 = 9. 9 മുതല്‍ 10.30 വരെ രാഹു.

ഞായര്‍ - C (Club) അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം. 3 + 1.5 = 4.5. രാഹുകാലം നാലര മുതല്‍ 6 വരെ.

ഈ രീതിയില്‍ കണക്കാക്കുന്ന രാഹുകാലം കലണ്ടറിലെ കണക്ക് തന്നെയാണ്.
ഉദയസമയമനുസരിച്ച് നോക്കുമ്പോള്‍ ഇതില്‍ വ്യത്യാസമുണ്ടാകും. കൃത്യമായി രാഹുകാലം കണ്ടുപിടിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ കലണ്ടറിലെ സമയത്തിന് മുന്‍പും പിന്‍പും അരമണിക്കൂര്‍ കൂട്ടി സേഫാക്കുന്നതാണ് നല്ലത്.

തിരക്ക് കാരണം കുറച്ച് മാസങ്ങള്‍ ബ്ലോഗിന് അവധി കൊടുത്തിരിക്കുകയായിരുന്നു. ഇനി മുടങ്ങാതെ വായിക്കുകയും എഴുതുകയും ചെയ്യണമെന്നാണ് ആഗ്രഹം.

28 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

അഹിന്ദുക്കള്‍ പോലും ശുഭകാര്യങ്ങള്‍ക്ക് രാഹുകാലം ഒഴിവാക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാ‍ല്‍ ഇവരൊക്കെ കലണ്ടറില്‍ കാണുന്ന രാഹുകാലമാണ് പരിഗണിക്കുന്നത്. ഇത് ശുദ്ധമണ്ടത്തരമാണെന്നതാണ് വാസ്തവം.

വേണു venu said...

കൃത്യമായ ഫലത്തിനു് രണ്ടര മണിക്കൂര്‍ സമയം ഒഴിവാക്കണമല്ലോ. യാത്രയ്ക്കു മാത്രമേ രാഹു കാലം നോക്കേണ്ടതുള്ളോ.?

കെ said...

കലണ്ടറില്‍ കാണുന്ന തെറ്റായ രാഹുകാലം പരിഗണിച്ച് യാത്രയ്ക്കിറങ്ങുമ്പോഴായിരിക്കുമല്ലേ, വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത്. കലണ്ടറൊക്കെ വരുത്തിവെയ്ക്കുന്ന വിനകളേ.......

ശ്രീവല്ലഭന്‍. said...

ഹേ അതാവാന്‍ വഴിയില്ല മാരീചാ. കാരണം റോഡപകടങ്ങള്‍ രാത്രിയിലോ, വെളുപ്പിനെയോ ആണ് കൂടുതലും നടക്കുന്നത്. അപ്പോള്‍ അവര്‍ പലരും വീട്ടില്‍ നിന്നും ഇറങ്ങുന്നത് വൈകിട്ട് ആറ് മണിക്ക് ശേഷം (ആറ് മണിക്ക് ശേഷം രാഹുകാലം ഇല്ലല്ലോ). :-)

Anonymous said...

അതാവാനും ചാന്‍സില്ല. രാഹുകാലം നോക്കാതെ ഇറങ്ങുന്നതുകൊണ്ടായിരിക്കും അമേരിക്കയിലൊക്കെ വാഹനാ‍പകടങ്ങളൊക്കെ നടക്കുന്നത്. ഈ അമേരിക്കകാരോടും മറ്റുള്ള രാജ്യങ്ങളോടുമൊക്കെ ഇനി മുതല്‍ രാഹുകാലം ശരിക്കും നോക്കിയിറങ്ങാന്‍ പറയാം. സദ്ധാം ഹുസൈനൊക്കെ രാഹുകാലം നോക്കിയിറങ്ങിയിരുനേങ്കില്‍ ഇപ്പൊ ഇറാഖൊക്കെ ഇങ്ങനെകെടക്കേണ്ടി വരുമായിരുന്നൊ...

ഈ രാഹുവും കേതുവും നോക്കാത്തതുകൊണ്ട് എന്തൊക്കെ അപകടങ്ങളാണൊ ആവൊ?

അനൂപെ ഒരു സംശയം ഇന്നു മഴക്ക് ചാന്‍സുണ്ടൊ? ഒന്നു കണിച്ചു പറയുമൊ?

മാരീചനൊക്കെ ഉണ്ടല്ലൊ വിശ്വസിക്കാന്‍..കഷ്ടം...!!!!

ശ്രീവല്ലഭന്‍. said...

ഓ, ഈ വര്‍മ്മക്കണിയാന്‍റെ ഒരു കാര്യം!!. അണ്ണാ വെറുതെ ഒരു നമ്പരിട്ടതല്ലേ. അത് മനസ്സിലായില്ല? കൊള്ളാം മാരീചന്‍ വിസ്വസിച്ചെങ്കില്‍ അത് വളരെ കഷ്ടം തന്നെ!

കിടക്കട്ടെ മൂന്നു സ്മൈലികള്‍ :::-)))

വിനയന്‍ said...

ജാതകം ആര്‍ക്കാണ് ക്യത്യമായി എഴുതാന്‍ പറ്റുക , ജനന സമയം ക്യത്യമായി കുറിച്ചു വെക്കാന്‍ ആശുപത്രിയിലെ നഴ്സിന് പിഴച്ചാല്‍ പിന്നെ തീര്‍ന്നു.പിന്നെ അതാ വരുന്നു ചൊവ്വാ ദോഷം,ശുദ്ദ ജാതകം, ഭര്‍ത്യദോഷം ഒന്നും പറയേണ്ട.

ശ്രീ.അനൂപേ ഒട്ടും ക്യത്യതയില്ലാത്തതും അണിവിട കൊണ്ട് സാധുക്കളുടേ ജീവിതം കോനാട്ടയാക്കുകയും ചെയ്യുന്ന ഈ ശാസ്ത്രം നമുക്കെന്തിന് ? ഇത് ശാസ്ത്രം തന്നെയോ ? ശാസ്ത്രം മനുഷ്യനെ അന്ധ വിശ്വാസങ്ങളില്‍ നിന്നും യാഥാര്‍ത്ത്യങ്ങളിലേക്ക് കൊണ്ടു വരുന്നതാകണം അല്ലാത്തതിനെ അന്ധവിശ്വാസം എന്നു തന്നെയാണ് പറയുന്നത്.അനിശ്ചിതമായ ഭാവിയെ പറ്റി നമ്മള്‍ അതുമിതും പറഞ്ഞ് എന്തിനാണ് മറ്റുള്ളവരെ തീ തീറ്റിക്കുന്നത്.നമ്മള്‍ സാഹചര്യങ്ങളെ നേരിടുക അതു മാത്രമേ നിര്‍വ്വാഹമുള്ളൂ.അതിലൂടെ മറ്റുള്ളവര്‍ക്ക് അത് വെളിച്ചമാകും.

ജ്യോതിഷികളെ കുറിഛ്കുള്ള വിമര്‍ശന പഠനം കൊള്ളാം.

നന്ദി

Anonymous said...

അണ്ണാ സത്യായിട്ടൂം അങ്ങനെ വിചാരിച്ചില്ലെ..നിങ്ങളു ഷെമി ഈ പാവം വര്‍മ്മക്കണിയാനോടു....

എന്റെ വകയും കിടക്കട്ടെ മൂന്നാലഞ്ചു സ്മൈലികള്‍..:::)))


ഏടെയ് അനൂപെ ഇന്നു മഴപെയ്യുമോ എന്നൊനു കണിച്ചു താടെയ്.. പ്ലീസ്....;;)

Anonymous said...

എടേയ് അനൂപണ്ണാ.. എന്റെ സിസ്റ്റത്തിലു റെഡ് ഹാറ്റ് ലിനക്സ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടു അതിന്റെ എന്‍ ഐ സി കാറ്ഡ് ഇന്‍സ്റ്റാള്‍ ആകുന്നില്ല.....ഒന്നു കണിച്ചു തരുമൊ പ്ലീസ്...

Unknown said...

നല്ല വിവരണം അനൂപെ

ശ്രീ said...

കൊള്ളാം അനൂപേട്ടാ...
രാഹുകാലം ഇത്ര എളുപ്പത്തില്‍ ഓര്‍ത്തിരിയ്ക്കാന്‍ എളുപ്പവഴി പറഞ്ഞു തന്നതിനു നന്ദി.
:)

Anonymous said...

ഇങ്ങേരിതെവിടെപോയെന്ന് ആരെങ്കിലും കവിടി കണിച്ചു ഒന്നു പറഞ്ഞു തരുമൊ..ഇങ്ങേരുടെ രാഹുകാലം തെറ്റിയൊ??

Anoop Technologist (അനൂപ് തിരുവല്ല) said...

അഭിപ്രായങ്ങള്‍ പറഞ്ഞ വേണു, മാരീചന്‍‍, ശ്രീവല്ലഭന്‍, വര്‍മ്മക്കണിയാന്‍, വിനയന്‍, ലിനക്സ് കണിയാന്‍, അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍, ശ്രീ എന്നിവര്‍ക്കും ലേഖനം വായിച്ച മറ്റുള്ളവര്‍ക്കും നന്ദി.

വേണൂ, യാത്രയ്ക്ക് മാത്രം രാഹുകാലം നോക്കിയാല്‍ മതി എന്നാണ് ശാസ്ത്രം. ശരിക്കും ഒന്നര മണിക്കൂര്‍ മാത്രമേ രാഹുകാലമുള്ളൂ. പക്ഷേ ആ കൃത്യ സമയം ഗണിച്ചെടുക്കാന്‍ സാധാരണക്കാരന് ബുദ്ധിമുട്ടായതിനാലാണ് രണ്ടര മണിക്കൂര്‍ ഒഴിവാക്കുന്നത്.

“ജ്യോതിഷത്തെക്കുറിച്ച് എനിയ്ക്കറിയാവുന്നത് പങ്കുവയ്ക്കാനും ഈ വിഷയത്തില്‍ താല്പര്യമുള്ളവരുമായി സംവദിക്കാനുമുള്ള ഒരു വേദിയാണ് ഈ ബ്ലോഗ്. മുന്‍ വിധികളൊന്നുമില്ലാതെ ആര്‍ക്കും ഇതില്‍ പങ്കെടുക്കാം.”

ഇത് ഞാന്‍ ഈ ലേഖന പരമ്പരയുടെ ആമുഖത്തില്‍ പറഞ്ഞ വാചകങ്ങളാണ്. ജ്യോതിഷം സത്യമോ മിഥ്യയോ എന്നൊരു ചര്‍ച്ചക്കുള്ളൊരു വേദിയായി ദയവായി ഇതിനെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഞാനൊരു ജ്യോതിഷനല്ല. ഇതില്‍ എനിക്ക് അക്കാഡമിക്ക് ഇന്ററസ്റ്റ് മാത്രമാണുള്ളത്.

എനിക്കറിയാവുന്ന കാര്യങ്ങള്‍ ഇവിടെ ഷെയര്‍ ചെയ്യുകയും വിഷയത്തെക്കുറിച്ച് അറിയാവുന്ന മറ്റുള്ളവരുടെ ഉപദേശം തേടുകയുമാണിവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്.

താരാപഥം said...

"English Boy Have A Good ‌Ford Car " ഇത്‌ എന്റെ ഒരു അമ്മാവന്‍ പറഞ്ഞു തന്നതാണ്‌. ഇത്‌ അദ്ദേഹത്തിന്‌ ബ്രിട്ടീഷുകാര്‍ ഭരിക്കുന്നകാലത്ത്‌ റെയില്‍വേയിലെ ഒരു സായിപ്പ്‌ എഞ്ജിനീയര്‍ പറഞ്ഞു കൊടുത്തതാണത്രെ. എന്തായാലും നമ്മുടെ നാട്ടിലെ കണിയാരുടെ അന്ധവിശ്വാസത്തിന്റെ ഭാഗം മാത്രമല്ല ഇത്‌ എന്ന് എനിയ്ക്കു തോന്നുന്നു. ഇതിന്റെ പൊള്ളത്തരം മനസ്സിലാക്കി, നമ്മള്‍ പറ്റിയ്ക്കപെടാതിരിക്കാനെങ്കിലും സഹായകമാവില്ലെ ഇത്തരം പോസ്റ്റുകള്‍. എല്ലാറ്റിനെയും എതിര്‍ക്കുന്നു എന്ന് പറയുകയും പിന്‍ഭാഗത്തുകൂടെ കണിയാനെ കാണാന്‍ പോകുകയും ചെയ്യുന്ന ലോലഹൃദയരായ ഭൗതിക വാദികളെയല്ല ഉദ്ദേശിച്ചത്‌.

Umesh::ഉമേഷ് said...

കൊള്ളാം, അനൂപ് രാഹുകാലത്തെപ്പറ്റിയുള്ള സകല തെറ്റിദ്ധാരണകളും തീര്‍ത്തല്ലോ!

രാഹുകേതുക്കളുടെ ലക്ഷണം പറയാന്‍ കേരളശാസ്ത്രസാഹിത്യപരിഷത്തിനെ വരെ കൂട്ടുപിടിച്ചല്ലോ. ജ്യോതിശ്ശാസ്ത്രത്തില്‍ ഗ്രഹസ്ഥാനം പോലെ തന്നെ രാഹുകേതുക്കളുടെ സ്ഥാനത്തിനും വ്യക്തമായ നിര്‍വ്വചനമുണ്ടു്. അതിനു പുരാണത്തിലെ സൂര്യനെയും ചന്ദ്രനെയും വിഴുങ്ങിയ അസുരനുമായി യാതൊരു ബന്ധവുമില്ല. സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തിനു കചന്റെ അച്ഛന്‍ ബൃഹസ്പതിയുമായോ സ്യൂസ് എന്ന ജൂപ്പിറ്ററുമായോ ബന്ധമില്ലാത്തതു പോലെ.

ഇനി ഈപ്പറഞ്ഞ Ascending Node എന്ന രാഹുവിനു് രാഹുകാലവുമായി എന്തു ബന്ധം? അതു പറഞ്ഞില്ലല്ലോ. പറയാന്‍ പറ്റില്ല. കാരണം, ഒരു ബന്ധവുമില്ല. രാഹുകാലം ഒരു കാലനിര്‍ണ്ണയം മാത്രമാണു്. ഏതെങ്കിലും ജ്യോതിശ്ശാസ്ത്രസംഭവുമായി ബന്ധപ്പെട്ടില്ല.

(ഇനി ഗുളികന്‍ എന്നു പറയുന്നതിന്റെ ശാസ്ത്രീയമായ നിര്‍വ്വചനം കൂടി അറിഞ്ഞാല്‍ കൊള്ളാം. കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ ഡെഫനീഷന്‍ മതി :) )

എന്നാല്‍ ഇതിനെപ്പറ്റി വ്യക്തമായി വല്ലതും പറയുന്നുണ്ടോ? അതൊട്ടില്ല താനും.

എന്നാ‍ല്‍ ഇവരൊക്കെ കലണ്ടറില്‍ കാണുന്ന രാഹുകാലമാണ് പരിഗണിക്കുന്നത്. ഇത് ശുദ്ധമണ്ടത്തരമാണെന്നതാണ് വാസ്തവം. കലണ്ടറുകളില്‍ നല്‍കിയിട്ടുള്ള രാഹുകാല സമയം കൃത്യമല്ല. അവര്‍ ഒരു പകലിനെ 12 മണിക്കൂര്‍ എന്ന് സങ്കല്‍പ്പിച്ച്; അതിനെ ഒന്നര മണിക്കൂര്‍ വീതമുള്ള 8 ഭാഗങ്ങളായി തിരിച്ച് ഏകദേശ രാഹുകാലം കണക്കാക്കുന്നു. സൂര്യന്‍ 6 മണിക്ക് ഉദിച്ച് 6 മണിക്ക് അസ്തമിക്കുമെന്ന കണക്കുകൂട്ടലിലാണിത്.

എന്നും

ശരിക്കും സൂര്യോദയത്തിനും ദിനമാനത്തിനും അനുസരിച്ച് രാഹുകാലസമയം വ്യത്യസ്ഥപ്പെട്ടുകൊണ്ടിരിക്കും.

എന്നും പറഞ്ഞിട്ടു് അവസാനം കലണ്ടറില്‍ കൊടുക്കുന്ന രാഹുകാലം കണ്ടുപിടിക്കാന്‍ ഒരു ചെപ്പടിവിദ്യയും കൊടുത്തിരിക്കുന്നു!

ഇത്രയും പറഞ്ഞ സ്ഥിതിക്കു് “ശരിയായ” രാഹുകാലം കണ്ടുപിടിക്കുന്നതു് എങ്ങനെ എന്നൊന്നു പറഞ്ഞുകൂടായിരുന്നോ? ആ വിവരം ഈ പുസ്തകത്തില്‍ പതിനൊന്നാം പേജില്‍ കൊടുത്തിട്ടുണ്ടു്. അതനുസരിച്ചു കണക്കുകൂട്ടിയ രാഹുകാലം ഇവിടെ‍ ഉള്ള കലണ്ടറുകളിലും കാണാം.

ഒടുക്കം പറഞ്ഞതു് എനിക്കു വളരെ ഇഷ്ടപ്പെട്ടു.

ഈ രീതിയില്‍ കണക്കാക്കുന്ന രാഹുകാലം കലണ്ടറിലെ കണക്ക് തന്നെയാണ്.
ഉദയസമയമനുസരിച്ച് നോക്കുമ്പോള്‍ ഇതില്‍ വ്യത്യാസമുണ്ടാകും. കൃത്യമായി രാഹുകാലം കണ്ടുപിടിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ കലണ്ടറിലെ സമയത്തിന് മുന്‍പും പിന്‍പും അരമണിക്കൂര്‍ കൂട്ടി സേഫാക്കുന്നതാണ് നല്ലത്.


എന്തിനാ അര മണിക്കൂര്‍ ആക്കുന്നതു്? ഒരു 12 മണിക്കൂര്‍ വീതം മുന്നോട്ടും പിന്നോട്ടും നോക്കി സേഫ് ആക്കു്. അപ്പോള്‍ പിന്നെ പ്രശ്നമില്ലല്ലോ!

അല്ലാ, ഏതു തെറ്റിദ്ധാരണയാണു് അനൂപ് ഈ പോസ്റ്റില്‍ തീര്‍ക്കാന്‍ ശ്രമിച്ചതു്? രാഹുകാലത്തല്ലാതെ ഇറങ്ങിയവരും അപകടത്തില്‍പ്പെടുന്നതു് ശരിയായ സമയം നോക്കാത്തതുകൊണ്ടാണെന്നോ? എല്ലാ ജ്യോത്സ്യന്മാരുടെയും മുട്ടുന്യായമാണിതു്. കൃത്യമായി ഇതൊക്കെ കണക്കുകൂട്ടിയാലും ഇതൊക്കെ തെറ്റുന്നതെന്തുകൊണ്ടാണു്? വിശദീകരിക്കാമോ?

Anoop Technologist (അനൂപ് തിരുവല്ല) said...

ഉമേഷ്ജിയെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകായിരുന്നു. ഇപ്പൊ വന്നല്ലോ.

രാഹുകേതുക്കള്‍ക്ക് ഒരു ഡെഫനിഷ്യന്‍ തപ്പി നടന്ന് അവസാനം ഇതെങ്കിലും കണ്ടുപിടിച്ചതിന്റെ വിഷമം എനിക്കറിയാം. :)

സ്ഫുടം കണ്ടുപിടിക്കുന്നതിലൊക്കെ താല്പര്യമുള്ള വായനക്കാരുണ്ടാവില്ല എന്നു കരുതി ഗണിതഭാഗങ്ങള്‍ ഒഴിവാക്കുന്നതിനേക്കുറിച്ച് ആലോചിക്കുകയായിരുന്നു ഞാന്‍.
രാഹുകേതുക്കളുടെ കൃത്യസമയം കണ്ടുപിടിക്കാനുള്ള ഗണിതക്രിയ കൊടുക്കാതിരുന്നതും അതിനാലാണ്.

കൊച്ചുമുതലാളി said...

:) വളരെ ഇന്‍ഫര്‍മേറ്റീവായ ലേഖനം...

ജ്യോതിര്‍ഗമയ said...

ഒരുകാലത്തൊക്കെ ചെറുപ്പക്കാരെന്നു പറഞ്ഞാല്‍ തന്നെ പാരമ്പര്യ നിഷേധത്തിന്റെയും റിബെല്‍ വീര്യത്തിന്റെയും പര്യായമായിരുന്നു. ജെനറേഷന്‍ ഗ്യാപ് എന്നൊക്കെയുള്ള പ്രയോഗത്തിനു സാംഗത്യം വരുന്നതും അങ്ങനെയായിരുന്നു.

ഇന്ന് ഈ പോസ്റ്റൊക്കെ കാണുമ്പോള്‍ !

അമ്മാച്ചന്മാരെക്കാള്‍ വലിയ അന്ധവിശ്വാസികള്‍.
അപ്പൂപ്പന്മാരെക്കാള്‍ മുരത്ത മൂരാച്ചികള്‍

ചില പിള്ളേരുടെ കൈയ്യിലെ രക്ഷയുടെ എണ്ണം കണ്ടാല്‍ അവിടെ രക്തയോട്ടം നിന്നുപോവില്ലേ എന്നുവരെ തോന്നും!

കവടി നിരത്ത്,വെറ്റില നോട്ടം, മഷി നോട്ടം, നാഡീജ്യോത്സ്യം,തൃതീയ, പ്രാണായാമം, ഉറുക്കു നൂല്‍ കെട്ട്, ആള്‍ദൈവ പൂജ, പൊങ്കാലമുതല്‍ ഗരുഡന്‍ തൂക്കും വേലകളിയും വരെ....

സകല പഴഞ്ചരക്കും എടുത്ത് അമൃതെന്ന മട്ടില്‍ വിഴുങ്ങുന്നതാണ് പുതിയ ഫാഷന്‍.. എന്നിട്ട് “അക്കാഡമിക്” ഇന്ററസ്റ്റ് എന്ന ഒരു ലൊടുക്കുന്യായവും!

കഷ്ടം അനൂപേ കഷ്ടം!

Sarija NS said...

വയറ്റിപ്പിഴപ്പിനു വേണ്ടിയല്ലാതെയും ജോത്സ്യം പടിക്കുന്നവരുണ്ട്‌ എന്നറിഞ്ഞതില്‍ സന്തോഷം. ആശംസകള്‍

Anonymous said...

അനൂപേ,
ജ്യോതിഷത്തെക്കുറിച്ചുള്ള ബ്ലോഗ് നന്നായി.
കാര്യമായിട്ട് തന്നെ എഴുതിയിട്ടുണ്ട്.തുടർന്നും എഴുതുക.
ഒരു സഹായം ചെയ്യാമോ?എന്റെ ജാതകം ഒന്ന് നോക്കി ഇപ്പോഴത്തെ സമയം,ജോലിക്കാര്യം,വിവാഹം എന്നിവയെക്കുറിച്ച് ഒന്ന് പറയാമോ?
ജനനസ്ഥലം-ഇരിങ്ങാലക്കുട,തൃശ്ശൂർ ജില്ല
സമയം-4.10 വൈകീട്ട്
ജനനതീയ്യതി-29-മാർച്ച്-1982

ദയവായി സഹായിക്കൂ.

Anoop Technologist (അനൂപ് തിരുവല്ല) said...

കൊച്ചു മുതലാളി,Sarija,ജ്യോതിര്‍ഗമയ നന്ദി.

keralablogu, ഉടന്‍ തന്നെ ജാതകം വിശകലനം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിക്കണമെന്ന് കരുതുന്നു. അവിടെ താങ്കളുടെ ഗ്രഹനില വിശകലനം ചെയ്യാം. താങ്കള്‍ സ്ത്രീയോ പുരുഷനോ എന്ന് പറയുന്നത് ഫലപ്രവചനത്തിന് സഹായിക്കും.

Anonymous said...

പ്രിയപ്പെട്ട അനൂപ്,
ജാതകം വിശകലനം ചെയ്യാം എന്നറിയിച്ചതിൽ നന്ദി.
വിവരങ്ങൾ ഒന്നുകൂടെ കൊടുക്കുന്നു.

പുരുഷൻ
ജനനതീയ്യതി- 29-മാർച്ച്-1982
സമയം- 4.10 വൈകീട്ട്
ജനനസ്ഥലം - ഇരിങ്ങാലക്കുട,തൃശ്ശൂർ ജില്ല

പാര്‍ത്ഥന്‍ said...

എന്താ രാഹുവിന്റെ വായിലകപ്പെട്ടോ? പുതിയ പോസ്റ്റൊന്നും കാണാനില്ലല്ലോ?

Kvartha Test said...

എങ്ങനെ കൃത്യമായ പ്രാദേശിക രാഹുകാലം കണ്ടുപിടിക്കാം? ഒരു സ്പ്രെഡ്ഷീറ്റ് കാല്‍ക്കുലേറ്റര്‍ ആണ്. എന്നൊരു പോസ്റ്റ് ഈയുള്ളവന്‍ ശ്രേയസ് ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കും എന്ന് കരിതുന്നു.

Vinod KC said...

മേടം ക്ഷേത്രം അഞ്ചാം ഭാവമായും അവിടെ രവിചന്ദ്രബുധന്മാർ നിൽക്കുകയും ചെയ്യുന്ന് പുരുഷജാതകത്തെക്കുറിച്ചൊന്നു പറയാമോ

Vinod KC said...

മേടം അഞ്ചാം ഭാവം, അതിൽ രവിചന്ദ്രബുധന്മാർ. പുരുഷജാതകം, പതിനൊന്നിൽ ഗുരു, പത്തിൽ ശനികുജന്മാർ. ഈ ജാതകത്തേക്കുറിച്ചെന്തെങ്കിലും പറയാമോ

Anonymous said...

രഹു കാലം ഓര്‍ത്തു വെക്കാന്‍ വെറുതെ ഉണ്ടാക്കിയ ഒരു പദ്യം /ശ്ലോകം.ഇത് വായിച്ചിട്ട് വ്യാകരണം ഇല്ല എന്ത് പൊട്ടത്തരം എന്ന് പറയരുത്.

തിന്നണ ശങ്കര വെണ്ണയ്ക്കും ബുദ്ധിക്കും ചൊല്ലാം ഞാന്‍.

വിവരണം. തിന്നണ (തിങ്കള്‍) രാഹു 7.30 -9.00 ശങ്കര (ശനി) രാഹു 9:00-10:30 വെണ്ണയ്ക്ക് എന്നാല്‍ അടുത്തതു വെള്ളി രാഹു 10:30-12:00 അങ്ങിനെ ബാക്കിയും....

എങ്ങനെ ഉണ്ട് ഐഡിയ ...

ശ്രീരാജ് കണ്ണൂര്‍

Anonymous said...

ശ്രീരാജ് ആദ്യ പോസ്റ്റില്‍ വ്യാഴം വിട്ടു പോയി.

തിന്നണ ശങ്കര വെണ്ണയ്ക്കും ബുദ്ധിക്കും വ്യാധിക്കും ചൊല്ലാം ഞാന്‍.

ക്ഷമിക്കിമല്ലോ.....