Tuesday, February 12, 2008

പഞ്ചാംഗം നോക്കാന്‍ പഠിക്കാം

പഞ്ചാംഗമെന്നാല്‍ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നത് എന്നര്‍ത്ഥം.


ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ചലനങ്ങള്‍ കണ്ടുപിടിക്കാന്‍ അനേകം ഗണിത രീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് അറിയാമല്ലോ. എല്ലാദിവസവും ഇവയൊക്കെ കണക്കുകൂട്ടിയെടുക്കുന്നത് വളരെ ദുഷ്കരമാണ്. തന്മൂലം ഗണിതത്തില്‍ പാണ്ഡിത്യമുള്ള വിദഗ്ദര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള കണക്കുകള്‍ മുന്‍കൂട്ടി ഗണിച്ച് പഞ്ചാംഗരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.

ഇത്തരത്തില്‍ ഗവര്‍മെന്റ് അംഗീകരിച്ചും അല്ലാതെയും തയാറാക്കുന്ന അനേകം പഞ്ചാംഗങ്ങള്‍ നിലവിലുണ്ട്. കൂടാതെ നൂറിലധികം വര്‍ഷത്തെ കണക്കുകള്‍ ഒന്നിച്ചുള്ള ശതവര്‍ഷപഞ്ചാംഗവുമുണ്ട്. മലയാള പഞ്ചാംഗങ്ങളില്‍ പുതുവര്‍ഷം തുടങ്ങുന്നത് ചിങ്ങമാസത്തോടെയാണ്. ഇംഗ്ലീഷ്, മലയാളം, ശക, കലി, മുഹമ്മദീയ തുടങ്ങി മിക്കവാറുമെല്ലാ വര്‍ഷഗണനരീതികളും പഞ്ചാംഗത്തിലുണ്ടാകും.


സൂര്യന്‍ മുതലായ ഗ്രഹങ്ങള്‍ ദിവസവും രാശിചക്രത്തിലൂടെ സഞ്ചരിക്കുന്ന ദൂരം നല്‍കുന്ന പേജ്. ഉദയ സമയത്തെ സ്ഫുടങ്ങളാണിവിടെ കൊടുത്തിരിക്കുന്നത്.

ഇടതുവശത്ത് മലയാളം തീയതിയും വലത്തോട്ട് ഓരോ ഗ്രഹങ്ങളുടെ സ്ഫുടവും ഉണ്ട്. സൂര്യന്‍ 3 29 48 രാ: ഭാ: ക: എന്നെഴുതിയാല്‍, ഒന്നാം തീയതി ഉദയത്തിന് രവി 3 രാശി 29 ഭാഗ 48 കല (3 എസ് 29 ഡിഗ്രി 48 മിനിറ്റ്) സഞ്ചരിച്ചു എന്നര്‍ത്ഥം.

ഇവിടെ ഉദയം മുതല്‍ അസ്തമനം വരെയുള്ള സമയം (ദിനമാനം), അന്നത്തെ ഉദയവും അസ്തമനവും തുടങ്ങിയവ കൊടുത്തിരിക്കുന്നു. ഉദയാസ്തമങ്ങള്‍ മണിക്കൂര്‍ മിനിറ്റിലും, ദിനമാനം നാഴികവിനാഴികകളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓരോ ഗ്രഹങ്ങളും ഏതൊക്കെ ദിവസങ്ങളിലാണ് ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നതെന്ന് ഇവിടെപ്പറയുന്നു.

ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവ ഇവിടെ കാണാം.

ഓരോ ദിവസത്തേയും കാര്യങ്ങളറിയാന്‍ സാധാരണ പരിശോധിക്കുന്ന പേജാണിത്.

പേജിന്റെ മുകളില്‍ വര്‍ഷവും മാസവും കൊടുത്തിട്ടുണ്ട്. അതിനു തൊട്ടുതാഴെ എപ്പോള്‍ ‍ഏതുസമയത്താണ് ഈ മാസമായ മകരം തുടങ്ങിയതെന്ന് വിശദീകരിച്ചിരിക്കുന്നു. മകരരവിസംക്രമം എന്നാല്‍ മകരത്തിലേക്ക് സൂര്യന്‍ കടന്ന സമയം. ഒരു രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണല്ലോ ആ മാസം ആരംഭിക്കുന്നത്.

നമുക്ക് ഇന്നത്തെ പഞ്ചാംഗമൊന്ന് പരിശോധിക്കാം. ഇടതുവശത്ത് ഇംഗ്ലീഷ് തീയതിയും മാസവും കൊടുത്തിരിക്കുന്നു. അവിടെ ഫെബ്രുവരി 12 ഏറ്റവും താഴെ കാണാം. അടുത്ത കോളത്തില്‍ ശകമാസമാണ് കൊടുത്തിരിക്കുന്നത്. അതിനടുത്തത് മലയാളമാസം തീയതിയാണ്. ഇന്ന് മകരം 29. അടുത്തത് ആഴ്ച്ച. ആഴ്ച്ചയുടെ പേരിന്റെ ആദ്യാക്ഷരമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ‘കു’എന്നാല്‍ കുജവാരം. അതായത് ചൊവ്വാഴ്ച്ച.(ര - ഞായര്‍, ച - തിങ്കള്‍, കു - ചൊവ്വ, ബു - ബുധന്‍, ഗു - വ്യാഴം, ശു - വെള്ളി, മ - ശനി)

അടുത്ത കോളത്തില്‍ നക്ഷത്രമാണ് നല്‍കിയിരിക്കുന്നത്. ഇവിടേയും നക്ഷത്രത്തിന്റെ പേരിന്റെ ആദ്യാക്ഷരമാണ് കൊടുത്തിരിക്കുന്നത്. ഇവിടെ ‘അ’ എന്നാല്‍ അശ്വതി. അത്തം, അനിഴം, അവിട്ടം എന്നിവയുടേയും ആദ്യാക്ഷരം ‘അ’ ആണെങ്കിലും ഇവിടെ സൂചിപ്പിക്കുന്നത് അശ്വതിയെയാണെന്ന് ഇതിനു മുന്‍പും പിന്‍പുമുള്ള നക്ഷത്രങ്ങളെ നോക്കുകയും നക്ഷത്രങ്ങളുടെ ക്രമം ഓര്‍ക്കുകയും ചെയ്താല്‍ മനസിലാകും.

‘അ’ 51 36 എന്നതിന്റെ അര്‍ത്ഥം, അന്ന് സൂര്യനുദിച്ച് 51 നാഴികയും 36 വിനാഴികയും കഴിഞ്ഞാല്‍ അശ്വതി നക്ഷത്രം കഴിഞ്ഞ് ഭരണി ആരംഭിക്കുമെന്നാണ്. അല്ലെങ്കില്‍ ആ സമയത്ത് ചന്ദ്രന്‍ ഭരണിയിലേക്ക് കടക്കുമെന്നാണ്. (ഭരണി നക്ഷത്രമാണേ)

തിഥിയാണ് അടുത്തത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് തിഥി പറയുന്നത്. ‘ഷ’ എന്നാല്‍ ഷഷ്ഠി.

കരണങ്ങളാണ് അടുത്ത കോളത്തില്‍. ‘പ’ എന്നാല്‍ പന്നിക്കരണം. കരണത്തിന്റെ പകലും രാത്രിയിലുമുള്ള സമയങ്ങള്‍ ഇവിടെയുണ്ട്. അടുത്തത് നിത്യയോഗം. ‘ശു’ എന്നാല്‍ ശുഭയോഗം.

അടുത്ത പേജില്‍ ഗുളികന്‍ ഓരോ ദിവസവും രാത്രിയിലും പകലും ഉദിച്ച് അസ്തമിക്കുന്ന സമയങ്ങള്‍ കാണാം.

തിഥി, കരണം, നിത്യയോഗം, ഗുളികന്‍, ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവയെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.

താഴെപ്പറയുന്ന കാര്യങ്ങളും സാധാരണ പഞ്ചാംഗത്തില്‍ കാണാം.

അക്ഷാംശമനുസരിച്ചുള്ള സൂര്യാസ്തമനങ്ങള്‍.

ചില പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമയം.

പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഓരോ രാശികള്‍ക്കുമുള്ള ദൈര്‍ഘ്യം.

പഞ്ചാംഗത്തെക്കുറിച്ച് ഉമേഷ് നായര്‍ ഒട്ടേറെ മികച്ച ലേഖനങ്ങളെഴുതിയിട്ടുണ്ട്. കൂടുതലറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ അത് വായിക്കാം. ഉമേഷ്ജി ഗണിച്ചെടുത്ത പഞ്ചാംഗവും കാണാവുന്നതാണ്.

സ്കാനറില്ലാത്തതുകൊണ്ട് ചിത്രങ്ങളെല്ലാം മൊബൈലിലെടുത്തതാണ്. കുറവുകള്‍ കണ്ടേക്കാം ക്ഷമിക്കുമല്ലോ.

10 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

എഴുതുംതോറും കോമ്പ്ലിക്കേഷന്‍ കൂടിക്കൂടി വരുകയാണ്. എഴുതാന്‍ തുടങ്ങിയത് അബദ്ധമായോ ആവോ.

ശ്രീ said...

എന്തായാലും നല്ല പോസ്റ്റ് തന്നെ, അനൂപേട്ടാ.
:)

Anonymous said...

Please continue writing on these topics. sure that many would be following your posts..

വേണു venu said...

അനൂപ്, എല്ലാ പോസ്റ്റുകളും ശ്രദ്ധിച്ചു വായിക്കുന്നുണ്ട്. തുടരുക.:)

Unknown said...

മാഷേ വീട്ടുക്കാര്‍ കല്ല്യാണം ആലോചിക്കുന്നുണ്ട് ഇപ്പോ 28 വയസ്സു കഴിഞു.തിരുവോണം നക്ഷറ്റ്ര്. ഷഷടി പക്കം.ഇടവമാസത്തില്‍ ജനനം ഒന്നു നോക്കി പറയുമോ

ശ്രീ ഇടശ്ശേരി. said...

ചന്ദ്രന്‍ ഭരണിയില്‍ കടന്നാല്‍ കഷ്ടം തന്നെ..
:)
നല്ല എഴുത്ത്.. വീണ്ടും എഴുതുക..എല്ലാ പോസ്റ്റും നന്നായീട്ടുണ്ട്..അഭിനന്ദനങ്ങള്‍..

Vinod KC said...

ഹായ് അനൂപ്,

ജോലിത്തിരക്കിനിടയിൽ ജ്യോതിഷ് പുസ്തകമൊരെണ്ണം കൈയിൽ കിട്ടിയപ്പോഴാണ് എനിക്ക് ജ്യോതിഷത്തിൽ താത്പര്യമുദിച്ചത്. വെറുതേ ഒരു രസത്തിനു സ്വന്തം ഗ്രഹില വെച്ചൊന്നു പരിശോധിച്ചു നോക്കി. പക്ഷേ ഗുരുമുഖത്തു നിന്നല്ലാതെ ജ്യോതിഷം പഠിക്കുക അസാദ്ധ്യമെന്നാണ് ഇപ്പോൾ തോന്നുന്നത്. അതുകൊണ്ട് പഠനമോഹമൊക്കെ വിട്ടു. അങ്ങനെയിരിക്കെയാണു താങ്കളുടെ ബ്ലോഗ് കാണുന്നത്. താങ്കളോടു ചില സംശയങ്ങൾ ചോദിക്കാമെന്നു വെച്ചു. സമയക്കുറവും ബുദ്ധിമുട്ടും ഇല്ലെങ്കിൽ ദയവായി എന്നെ സഹായിക്കുമോ..?. എന്റെ ഗ്രഹനില ഇതാണ്.
ധനുലഗ്നം, ലഗ്നത്തിൽ കേതു., രണ്ടിൽ ഗുളികൻ, മൂന്നിൽ ശുക്രൻ, അഞ്ചിൽ രവി, ബുധൻ, ചന്ദ്രൻ, ഏഴിൽ രാഹു.,പത്തിൽ കുജൻ, മന്ദൻ, പതിനൊന്നിൽ വ്യാഴം.
ജനനത്തീയതി - 23-04-1982 (1157 മേടം 10 വെള്ളി)
ജനനസമയം -- 11.30 PM (അസ്തമനാൽ 12 നാഴിക 28 വിനാഴിക). എനിക്കറിയേണ്ടത് ഏതു തൊഴിൽ മേഖലയാണ് എനിക്കനുയോജ്യം എന്നാണ്. പറ്റുമെങ്കിൽ മറ്റുള്ള വിവരങ്ങളും കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു. അതായത് ഗ്രഹദൃഷിടിയേക്കുറിച്ചും ഗ്രഹങ്ങളുടെ ബലാബലവും മൌഢ്യാവസ്ഥയും മനസ്സിലാക്കുന്നതിനെപ്പറ്റിയുമൊക്കെ.
എന്ന് വിനോദ് ചന്ദ്രൻ

Anonymous said...

൨൦൦൦ ജനുവരി ൧൨ അര്‍ത്ഥരാത്രി ജനനം ജന്മ നക്ഷത്രം ഏതാണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്

Manoj said...

പോസ്റ്റുകള്‍ നന്നാവുന്നുണ്ട്. ഈ അറിവുകള്‍ പങ്കു വയ്ക്കുന്നതിനു വളരെ നന്ദി. ഭാവുകങ്ങള്‍ നേരുന്നു.

ഹരി said...

പോസ്റ്റുകൾ ഉപകാരപ്രദം. ഒരു സംശയം ചോദിക്കട്ടെ? ഇന്നത്തെ panjangam പ്രകാരം 48 നാഴിക 5 വിനാഴിക കഴിഞ്ഞ് പുണർതം എന്ന് കണ്ടു ? അപ്പോൾ IST ഏതായിരിക്കും? ഇത് എങ്ങനെ കണ്ടു പിടിക്കും?