Wednesday, February 6, 2008

ജ്യോതിഷം വേദത്തിന്റെ കണ്ണ്

ജ്യോതിശാസ്ത്രം അഥവാ ജ്യോതിഷം ശ്രുതിചക്ഷുസ് (വേദത്തിന്റെ കണ്ണ്) ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജ്യോതിഷത്തിന് മറ്റ് വേദാംഗങ്ങളേക്കാള്‍ വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് ഇതില്‍ നിന്നും മനസിലാക്കാം.

എന്നാല്‍ ഇന്ന് നാമറിയുന്ന ജ്യോതിശാസ്ത്രമല്ല ഇത്. ഗണിതശാസ്ത്രമെന്ന മാത്തമാറ്റിക്സ് , ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ചലനങ്ങളേക്കുറിച്ച് പഠിക്കുന്ന അസ്ട്രോണമി, ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ഭൂമിയിലും അതിലെ ജീവജാലങ്ങളിലുമുള്ള സ്വാധീനത്തെപ്പറ്റി പഠിക്കുന്ന അസ്ട്രോളജി എന്നീ മൂന്ന് വിഭാഗങ്ങള്‍ ചേര്‍ന്ന് ജ്യോതിശ്ശാസ്ത്രം എന്ന ഒറ്റപേരിലായിരുന്നു ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്താണ് ഇവ വ്യത്യസ്ഥ ശാസ്ത്രശാഖകളായി വളര്‍ച്ച നേടിയത്.

ജ്യോതിഷത്തെ ഗണിതം, സംഹിത, ഹോര എന്നിങ്ങനെ മൂന്ന് സ്കന്ധങ്ങളായും, ഗണിതം, ഗോളം, ജാതകം, പ്രശ്നം, മുഹൂര്‍ത്തം, നിമിത്തം എന്നിങ്ങനെ ആറ് അംഗങ്ങളായും വിഭജിച്ചിട്ടുണ്ട്.

സൂര്യന്റേയും മറ്റ് ഗ്രഹങ്ങളുടേയും ചലനങ്ങളും മറ്റും കണക്കുകൂട്ടിയറിയുന്നതാണ് ഗണിതം. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടേയും വലിപ്പം, രൂപം തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്ന ശാഖയാണ് ഗോളം. വ്യക്തിയുടെ ജനനസമയത്തെ അടിസ്ഥാനമാക്കി ഫലം പറയുന്നതാണ് ജാതകം. ആരൂഢരാശി കണ്ടെത്തി അതിന്റെ സഹായത്താല്‍ ഫലം പറയുന്ന രീതിയാണ് പ്രശ്നം. വിവാഹം തുടങ്ങിയ കര്‍മ്മങ്ങള്‍ ഏതു സമയത്ത് നടത്തണം തുടങ്ങിയവയാണ് മുഹൂര്‍ത്തത്തില്‍ ചിന്തിക്കുന്നത്. അപ്പപ്പോള്‍ കാണുന്ന ശകുനങ്ങളേയും ലക്ഷണങ്ങളേയും അടിസ്ഥാനമാക്കി ഫലം പറയുന്ന രീതിയാണ് നിമിത്തം.

ഇതില്‍ ജാതകം, പ്രശ്നം, മുഹൂര്‍ത്തം എന്നിവയാണ് ഇന്ന് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ദേവപ്രശ്നം, അഷ്ടമംഗല്യപ്രശ്നം തുടങ്ങിയ വിശദമായ ചിന്തകളില്‍ നിമിത്തവും പരിഗണിക്കാറുണ്ട്.

റെഡിമെയ്ഡ് പഞ്ചാംഗങ്ങള്‍ സുലഭമായുള്ള ഇക്കാലത്ത് സാധാരണയാരും ഗോളം, ഗണിതം തുടങ്ങിയ രീതികള്‍ ഉപയോഗിക്കാറില്ല. ഓരോ ദിവസവും ഗ്രഹങ്ങളും നക്ഷത്രങ്ങളും സഞ്ചരിക്കുന്ന ദൂരവുമൊക്കെ പഞ്ചാംഗത്തില്‍ നല്‍കിയിട്ടുണ്ടാകും. ജനനസമയത്തെ ഗ്രഹനില പഞ്ചാംഗം നോക്കിയെഴുതിയതിനു ശേഷം ലഗ്നം മാത്രം കണ്ടുപിടിച്ചാല്‍ മതിയാകും. അതിനും ഇപ്പോള്‍ മികച്ച കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ലഭ്യമാണ്. എങ്കിലും ജ്യോത്സ്യന്‍ ഗണിതമറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പഞ്ചാംഗത്തിലും മറ്റും വന്നേക്കാവുന്ന തെറ്റുകള്‍ ഇതറിഞ്ഞാല്‍ കണ്ടുപിടിക്കാന്‍ കഴിയും.

5 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ജ്യോതിഷത്തിനേക്കുറിച്ച് വളരെ വിശദമായെഴുതണമെന്ന് ആഗ്രഹമുണ്ട്. കഴിയുന്നത്രയും മുന്നോട്ടുപോകണം.

ശ്രീ said...

:)

താരാപഥം said...

അനൂപ്‌,
ഇത്‌ ഒരു നല്ല സംരംഭമാവട്ടെ. ജ്യോതിഷത്തിനെക്കുറിച്ചും ആയുര്‍വ്വേദത്തിനെക്കുറിച്ചുമെല്ലാം പല ബ്ലോഗുകളിലായി ചര്‍ച്ചകള്‍ എവിടെയും എത്താതെ നില്‌ക്കുന്നുണ്ട്‌. ഞാന്‍ അതൊക്കെ വായിക്കുന്നത്‌ അതില്‍ നിന്നും എന്തെങ്കിലും അറിയണം എന്ന ഉദ്ദേശത്താലാണ്‌. അവിടെയെല്ലാം എതിര്‍പ്പ്‌ രൂക്ഷമാകുന്നതുകൊണ്ട്‌ അറിയാനുള്ള അവസരം നിലച്ചുപോയി. ഇവിടെ ഒരു ചര്‍ച്ചയ്ക്ക്‌ വഴിവെയ്ക്കാതെ തുടരുക. ചര്‍ച്ചയ്ക്ക്‌ പോയാല്‍ താങ്കള്‍ ഉദ്ദേശിച്ച സ്ഥലത്ത്‌ എത്താന്‍ കഴിഞ്ഞെന്നു വരില്ല. ഉമേഷ്ജിയുടെ ബ്ലോഗില്‍നിന്നും ചിലതെല്ലാം മനസ്സിലാക്കി. ശാസ്ത്രീയമായ ചില സംശയങ്ങള്‍ "അനന്തം അജ്ഞാതം അവര്‍ണ്ണനീയം" എന്ന ബ്ലോഗില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഇപ്പോഴത്തെ ജ്യോതിഷ പ്രവചനങ്ങള്‍ "കാല്‍ പുട്ടും മുക്കാല്‍ തട്ടിപ്പും" എന്ന സിനിമാ ഡയലോഗിനു സമമാണ്‌. ജ്യോതിഷം അതല്ല എന്നും അഭിപ്രായമുണ്ട്‌.
ആശംസകള്‍.

Anoop Technologist (അനൂപ് തിരുവല്ല) said...

ശ്രീ, നന്ദി.

പ്രിയ താരാപഥം, നന്ദി. ഇവിടെ ജ്യോതിഷം സത്യമോ മിഥ്യയോ എന്ന ചര്‍ച്ചക്കുള്ള വേദിയല്ല. അങ്ങനെ പോയാല്‍ താങ്കള്‍ പറഞ്ഞതുപോലെ ചര്‍ച്ച അനന്തമായി നീളുകയേ ഉള്ളൂ.

ഇവിടെ വിഷയത്തെക്കുറിച്ച് എനിക്കറിയാവുന്നത് എഴുതുക, അറിവുള്ള മറ്റുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുക എന്നതുമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.

KERALA ASTROLOGER K.P.SREEVASTHAV said...

nalloru karyamanu ella asamsakalum,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,