Thursday, February 7, 2008

ഗ്രഹങ്ങളും ജ്യോതിഷവും

എങ്ങനെ പ്രകാശവര്‍ഷങ്ങളകലെ ജ്വലിച്ചുനില്‍ക്കുന്ന സൂര്യന്റെ കിരണങ്ങള്‍ക്ക് ഭൂമിയില്‍ രാവും പകലും പച്ചപ്പും ജീവനും ഊര്‍ജ്ജവുമെല്ലാം നല്‍കാന്‍ കഴിയുന്നോ; എങ്ങനെ ഭൂമിയേക്കാള്‍ എത്രയോ ചെറിയ ചന്ദ്രന് ഇവിടെ വേലിയേറ്റവും വേലിയിറക്കവും സസ്യലതാദികളില്‍ മാറ്റങ്ങളും സൃഷ്ടിക്കാന്‍ കഴിയുന്നോ അതുപോലെ നവഗ്രഹങ്ങള്‍ക്ക് ഭൂമിയിലും അതിലെ സകലചരാചരങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിശ്വാസമാണ് ഭാരതീയ ജ്യോതിഷത്തിന്റെ ആധാരം.

ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരേ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും അവയുടെ അര്‍ഥം രണ്ടു വിഷയത്തിലും വ്യത്യസ്ഥങ്ങളാണ്. ഉദാഹരണത്തിന് ഗ്രഹം എന്നത് അസ്ട്രോണമിയില്‍ Planet എന്നയര്‍ഥത്തിലാണുപയോഗിക്കുന്നത്. അവ സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്ന ഗോളങ്ങളാണ്.

ജ്യോതിഷത്തില്‍ ഗ്രഹം എന്നതില്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ജ്യോതിര്‍ഗോളങ്ങളും രാഹു, കേതു എന്നീ സാങ്കല്‍പ്പിക ബിന്ദുക്കളും ഉള്‍പ്പെടും.

ആധുനിക ജ്യോതിശാസ്ത്രം സൌരയൂഥം എന്ന സങ്കല്‍പ്പത്തിലാണ് വിശ്വസിക്കുന്നതെങ്കിലും ഭാരതീയ ജ്യോതിഷത്തില്‍ ആ രീതിയല്ല പിന്തുടരുന്നത്. സൌരയൂഥത്തില്‍ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ഭ്രമണം ചെയ്യുകയാണെങ്കില്‍, ജ്യോതിഷത്തില്‍ ഭൂമിയെയാണ് കേന്ദ്രമാക്കിയിരിക്കുന്നത്. ഭൂമിയിലുള്ള ജീവജാലങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിക്കുമ്പോള്‍ ഭൂമിയെ കേന്ദ്രമാക്കി ചിന്തിക്കുന്നതാവും നല്ലത് എന്നതാവും ഇതിലെ യുക്തി.

കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള പ്രപഞ്ചത്തില്‍ അതിലൊന്നുമാത്രമായ സൂര്യനെ കേന്ദ്രമായി സങ്കല്‍പ്പിക്കുന്നതില്‍ കാര്യമില്ലെന്നും അതിനാലാണ് മനുഷ്യന്റെ ആവാസകേന്ദ്രമായ ഭൂമിയെ അടിസ്ഥാനമാക്കി ചിന്തിക്കുന്നതെന്നും അഭിപ്രായമുണ്ട്.

സൌരയൂഥത്തിനു പകരമായി രാശിചക്രം എന്ന സങ്കല്‍പ്പമാണ് ജ്യോതിഷത്തിലുള്ളത്. അതിനേക്കുറിച്ച് അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം.

12 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം, അവ എങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വിഷയത്തിലുള്ള ലേഖനം.

Mr. K# said...

കൊള്ളാം.

ഒരു “ദേശാഭിമാനി” said...

ഭൂമിയിലും, ഭൂമിയിലെ ചരാചരങ്ങളിലും, മറ്റു ഗ്രഹങ്ങള്‍ ചെല്ലുത്തുന്ന സ്വാധീനം, ആ ഗ്രഹങ്ങള്‍ക്കു ഭൂമിയില്‍ നിന്നുള്ള അകലവും , അവ പ്രതിഫലിപ്പിക്കുന്ന രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതും അനുസരിച്ചു ആണു. അതനുസരിച്ചാ‍ണു ഗഹസ്ഥാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതു. ഇങ്ങനെ ഭൂമിയെ കേന്ദ്രമാക്കി ഗണിക്കുന്നതിനുള്ള “ഫോര്‍മുലകളള്‍” ഉണ്ടാക്കിയിരിക്കുന്നതു അതിനാലാണന്നു വേണം അനുമാനിക്കാന്‍. ഇന്നത്തെ പോലെ ടെലിസ്കോപ്പു പോലുള്ള ഉപകരണങ്ങളും, മറ്റും ഇല്ലാതിരുന്ന പണ്ടു കാലത്തു, ഗണന എളുപ്പമാക്കാനും ഈ “സൂത്രപണി” സഹായിച്ചിരുന്നു. കടുത്ത സാധനയിലൂടെയും, തപസ്യയിലൂടെയും, പൂര്‍വികര്‍ തലമുറകളുടെ പ്രയത്നത്താല്‍ നിരന്തരം ഗവേഷണങ്ങള്‍ നടത്തി രേഖപ്പെടുത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ചു ഉണ്ടാക്കിയതായിരിക്കണം പുരാതന ജ്യോതിഷ ഗ്രന്ദ്ധങ്ങള്‍ എന്നു അനുമാനിക്കാം.

Shiju said...

സൌരയൂഥത്തിനു പകരമായി രാശിചക്രം എന്ന സങ്കല്‍പ്പമാണ് ജ്യോതിഷത്തിലുള്ളത്. അതിനേക്കുറിച്ച് അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം.


കുറച്ച് കാര്യങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.
http://jyothisasthram.blogspot.com/2006/07/blog-post.html

പക്ഷെ ആ പോസ്റ്റിലുള്ളത് ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ആണു. രാശിചക്രത്തിന്റെ പ്രത്യേകതയും മറ്റും. അതിനു അനുബന്ധമായി 3-4 പൊസ്റ്റുകള്‍ കൂടി ഇട്ടിരുന്നു. അവിടെ നോക്കിയാല്‍ അതു കാണാവുന്നതാണു. ജ്യൊതിഷത്തിലെ ഉപയൊഗിക്കുന്ന നക്ഷത്രങ്ങളെ പറ്റി ഒക്കെ ചില പൊസ്റ്റുകളീല്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മൂര്‍ത്തി said...

ഷിജുവിന്റെ ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ

Umesh::ഉമേഷ് said...

“ഭാരതീയജ്യോതിശ്ശാസ്ത്രം സൌരയൂഥം എന്ന സങ്കല്പത്തിലാണു വിശ്വസിച്ചിരുന്നതെങ്കിലും ജ്യോതിഷത്തില്‍ ആ രീതിയല്ല പിന്തുടരുന്നതു്...”

അടിസ്ഥാനമില്ലാതെ പറയല്ലേ അനൂപ്. ഭാരതീയമോ പാശ്ചാത്യമോ ആയ ഒരു ജ്യോതിശ്ശാസ്ത്രവും കോപ്പര്‍നിക്കസ്സിനു മുമ്പു (പതിനഞ്ചാം നൂറ്റാണ്ടു്) സൂര്യന്‍ കേന്ദ്രവും ഗ്രഹങ്ങള്‍ അതിനെ ചുറ്റുന്നതുമായ ഒരു സിസ്റ്റത്തെപ്പറ്റി പറഞ്ഞിട്ടില്ല. ഭൂമി തന്നെ എല്ലാവരുടെയും കേന്ദ്രം. അപ്പോള്‍ ചില ഗ്രഹങ്ങള്‍ ഇടയ്ക്കിടെ പിറകോട്ടു പോകുന്നതു് വിശദീകരിക്കാന്‍ വേണ്ടി ഗ്രീക്ക് ജ്യോതിശ്ശാസ്ത്രജ്ഞന്‍ ടോളമി വൃത്തങ്ങളുടെയും ഉപവൃത്തങ്ങളുടെയും തിയറി കൊണ്ടു വന്നു. (ജ്യോതിഷത്തില്‍ ഇതിനെ “വക്രത” എന്നു പറയുന്നു. അതിനു വേറേ ഫലങ്ങളുമുണ്ടു്. ഈ ഗ്രഹങ്ങള്‍ക്കു വക്രതയൊന്നുമില്ലെന്നു നമുക്കറിയാം. ഭൂമി ഒരു ഗ്രഹത്തേക്കാള്‍ കൂടുതല്‍ ആംഗുലര്‍ വേഗതയില്‍ ചുറ്റുമ്പോഴോ മറ്റേ ഗ്രഹം മറുവശത്തെത്തുമ്പോഴോ അതു പുറകോട്ടു പോകുന്നു എന്നു ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ തോന്നുന്നതു മാത്രമാണതു്.) അതേ തിയറി തന്നെയാണു നമ്മുടെ ആര്യഭടനും ബ്രഹ്മഗുപ്തനും ഭാസ്കരനും വടേശ്വരനും ശ്രീപതിയുമൊക്കെയും പറഞ്ഞതു്.

ഭാരതീയജ്യോതിശ്ശാസ്ത്രം വളരെ മികച്ചതായിരുന്നു. പക്ഷേ, അതില്‍ സൌരയൂഥപരാമര്‍ശമില്ല. സൂര്യസ്തുതികളിലും ആദിത്യഹൃദയം തുടങ്ങിയ മന്ത്രങ്ങളിലും സൂര്യനെ പ്രപഞ്ചത്തിന്റെ ആധാരമായി പറയുന്നുണ്ടാവാം. (അതു മിക്കവാറും എല്ലാ ദേവന്മാരെപ്പറ്റിയും പറയുന്നുണ്ടു്.) അതും ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല.

Anoop Technologist (അനൂപ് തിരുവല്ല) said...

കുതിരവട്ടന്‍,മൂര്‍ത്തി കമന്റിന് നന്ദി.

ദേശാഭിമാനി നന്ദി. താങ്കള്‍ പറഞ്ഞതുപോലെ ഇന്നത്തെ നിരീക്ഷണോപാധികള്‍ നിലവിലില്ലായിരുന്ന കാലത്ത് കണ്ടുപിടിച്ച സൂത്രപ്പണികളാവാം അവ.

ജ്യോതിശാസ്ത്രത്തെക്കുറിച്ച് വളരെ വിശദമായ ലേഖനമെഴുതിയ ഷിജുവിന് നന്ദി. ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്. ജ്യോതിഷത്തിലെ രാശിചക്രത്തേയും നക്ഷത്രങ്ങളേയും കുറിച്ചറിയാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പോസ്റ്റാണത്.

ഉമേഷ്ജീ, പിശക് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്. ദയവായി ഇനിയും അഭിപ്രായങ്ങള്‍ പറയുമല്ലോ.

Roby said...

"ആധുനിക ജ്യോതിശാസ്ത്രം സൌരയൂഥം എന്ന സങ്കല്‍പ്പത്തിലാണ് വിശ്വസിക്കുന്നതെങ്കിലും ഭാരതീയ ജ്യോതിഷത്തില്‍ ആ രീതിയല്ല പിന്തുടരുന്നത്."

സൌരയൂഥം സങ്കല്പമല്ല...ആധുനിക ജ്യോതിശാസ്ത്രം അതില്‍ ‘വിശ്വസിക്കുകയല്ല’ ചെയ്യുന്നത്.

വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക.

Anoop Technologist (അനൂപ് തിരുവല്ല) said...

എല്ലാം മായയാണ് റോബി :)

താരാപഥം said...

കേരളത്തിലെ ജ്യോതിഷത്തില്‍ ഗുളികനെക്കുറിച്ച്‌ കേള്‍ക്കുന്നുണ്ടല്ലോ, അതിനെയും ഇവിടെ സൂചിപ്പിക്കേണ്ടതല്ലെ. ഗുളികന്‍ ദിവസവും 2 പ്രാവശ്യം ഭൂമിക്കുനേരെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പറയുന്നു. ഷിജു അലക്സ്‌ രാഹു-കേതുക്കളെ വിശദമാക്കിത്തന്നപോലെ ഇതും ആരെങ്കിലും വിശദമാക്കുമെന്ന് കരുതുന്നു. എന്റെ പോസ്റ്റും കൂടി ഇതിനോടൊപ്പം കൂട്ടിവായിക്കുന്നത്‌ നന്നായിരിക്കും.

Roby said...

മായയെന്നു വിളിക്കുന്നതിനെ അറിയാനുള്ള ശ്രമം കൂടിയാണു ശാസ്ത്രം..
അല്ലാതെ ശാസ്ത്രത്തില്‍ ‘മായ‘യില്ല...‘മായ‘വും

Sinochan said...

ഒരു ഗ്രഹനില കിട്ടിയാല്‍ സ്വന്തമായി വിശകലനം ചെയ്യാനും അതിലെ യോഗങ്ങള്‍ മനസിലാക്കാനും സാധിക്കുമൊ?