Saturday, February 9, 2008

രാശിചക്രം ജ്യോതിഷത്തില്‍

ആധുനിക ജ്യോതിശാസ്ത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി രാശിചക്രം എന്ന സങ്കല്‍പ്പമാണ് ജ്യോതിഷത്തിനുള്ളതെന്ന് പറഞ്ഞല്ലോ. ഭൂമി സ്ഥിരമായി നില്‍ക്കുകയും രാശിചക്രം ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. ഇതിനെ ത്രിമാനരൂപത്തില്‍ ചിന്തിച്ചാല്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും.

കിഴക്കു ദിക്കിലേക്ക് നോക്കിനില്‍ക്കുന്നയൊരാളുടെ മുന്‍വശത്ത് രാശികള്‍ ഉദിച്ച് തലയ്ക്കുമുകളിലൂടെ സഞ്ചരിച്ച് പുറകില്‍ പടിഞ്ഞാറുവശത്തായി അസ്തമിക്കുന്നു. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കറങ്ങുന്നതിനാലാണ് ഇങ്ങനെ തോന്നുന്നത്. ഇപ്രകാരം 24 മണിക്കൂറുകൊണ്ട് രാശിചക്രം ഒരു പ്രാവശ്യം കറങ്ങുന്നുണ്ട്. രാശിചക്രത്തെക്കുറിച്ച് ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുന്ന ഒന്നാന്തരമൊരു ലേഖനം ഷിജു അലക്സ് ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ രാശിചക്രത്തെ മേടം മുതല്‍ മീനം വരെ 12 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. മേടം രാശിയെയാണ് രാശിചക്രത്തിന്റെ തുടക്കമായി കണക്കാക്കിയിരിക്കുന്നത്. കിഴക്കേ ചക്രവാളത്തില്‍ ആദ്യം മേടം രാശി പ്രത്യക്ഷപ്പെട്ട് മുകളിലേക്ക് ഉയരുന്നു. ഏകദേശം രണ്ട് മണിക്കൂറാണ് ഒരു രാശിയുടെ ദൈര്‍ഘ്യം. ഈ സമയം കഴിയുമ്പോള്‍ അടുത്ത രാശിയായ ഇടവം ചക്രവാളത്തിലെത്തും.

1) മേടം 2) ഇടവം 3) മിഥുനം 4) കര്‍ക്കിടകം 5) ചിങ്ങം 6) കന്നി 7) തുലാം 8) വൃഛികം 9) ധനു 10) മകരം 11) കുംഭം 12) മീനം എന്നതാണ് രാശികളുടെ ക്രമം.

ഇങ്ങനെ രാശിയുടെ തുടക്കം ചക്രവാളത്തിലെത്തുമ്പോള്‍ ആ രാശി ഉദിച്ചു എന്നാണ് പറയുക. ഒരു രാശി ഉദിച്ചുകഴിഞ്ഞ് അടുത്ത രാശി ചക്രവാളത്തിലെത്തുന്നതു വരെയുള്ള സമയത്തിനെ രാശി ഉദിച്ചു നില്‍ക്കുന്ന സമയം എന്ന് പറയുന്നു. ഇങ്ങനെ ഉദിച്ചു നില്‍ക്കുന്ന രാശിയെയാണ് ഉദയരാശിയെന്ന് വിളിക്കുന്നത്. രാശി ഉദിച്ചുനില്‍ക്കുന്ന സമയത്തെ രാശിമാനം എന്നു പറയും. സാധാരണ
നാഴിക വിനാഴികകളിലാണ് രാശിമാനം പറയാറുള്ളത്.

60 വിനാഴികകള്‍ ചേര്‍ന്നതാണ് ഒരു നാഴിക. 24 മിനിറ്റാണ് ഒരു നാഴികയെന്നും പറയാം. രണ്ട് നാഴികയും 30 വിനാഴികയും (രണ്ടര നാഴിക) ചേരുന്നതാണ് ഒരു മണിക്കൂര്‍. അപ്പോള്‍ ഒരു മിനിറ്റ് എന്നത് രണ്ടര വിനാഴികയായിട്ടുവരും. 24 മണിക്കൂര്‍ 60 നാഴികയാണല്ലോ അതിനാല്‍ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 60 നാഴികയെന്ന് പറയുന്നു.

ഭൂമിയുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ രാശി ഉദിച്ചു നില്‍ക്കുന്ന സമയത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാം. സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും അറിഞ്ഞാല്‍ ഓരോ രാശിയും കൃത്യമായി എത്ര സമയം അവിടെ ഉദിച്ചുനില്‍ക്കും എന്ന് കണ്ടുപിടിക്കാനാവും.

ദൂരവ്യത്യാസമുള്ളതിനാല്‍ കേരളത്തില്‍പ്പോലും വിവിധ സ്ഥലങ്ങളിലെ രാശിമാനം ഒരേപോലെയാവില്ല. എങ്കിലും കണക്കു കൂട്ടാനുള്ള സൌകര്യത്തിന് കേരളത്തിന്റെ ഏതാണ്ട്
മദ്ധ്യഭാഗമായ തൃശൂരിലെ രാശിമാനമാണ് പഞ്ചാംഗങ്ങളില്‍ കൊടുത്തിരിക്കുന്നത്. കൃത്യമായ രാശിമാനമാവശ്യമുള്ളവര്‍ക്ക് സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങളുടെ സഹായത്താല്‍ അത് ഗണിച്ചെടുക്കാന്‍ കഴിയും.

ഗ്രഹനിലയില്‍ രാശികളെ അടയാളപ്പെടുത്താന്‍ താഴെക്കാണിച്ചിരിക്കുന്നതുപോലെയുള്ള ചതുരമാണുപയോഗിക്കുന്നത്. ഉത്തരേന്ത്യയിലും മറ്റും വൃത്തത്തില്‍ ഗ്രഹനില അടയാളപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്.

9 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

രാശിചക്രത്തേയും അവയുടെ സ്ഥാനത്തേയും കുറിച്ചാണീ ലേഖനം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അനൂപ്‌, എല്ലാം വായിച്ചു. തുടരുക കാത്തിരിക്കുന്നു.
വിശ്വാമിത്രന്റെ കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ട്‌. അത്‌ ആദ്യത്തെ പോസ്റ്റില്‍ കമന്റായി ഇട്ടിട്ടുണൂ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
Shiju said...

അടുത്തതു സ്വാഭാവികമായും നക്ഷത്രങ്ങളെ കുറിച്ചാവുമെന്നതിനാല്‍ കലണ്ടറിലെ നക്ഷത്രങ്ങളെ കുറിച്ചെഴുതിയ ഈ പോസ്റ്റ് സഹായകരമായേക്കും.

http://jyothisasthram.blogspot.com/2006/08/blog-post_22.html

Anoop Technologist (അനൂപ് തിരുവല്ല) said...

ഇന്‍ഡ്യാഹെറിറ്റേജ്‌, നന്ദി.കമന്റ് വായിച്ചു.പല പുസ്തകങ്ങളിലും വിശ്വാമിത്രന്‍ ജ്യോതിഷസംബന്ധമായ ഗന്ഥങ്ങള്‍ എഴുതിയതായിപ്പറയുന്നുണ്ട്. ഇനി ആരെങ്കിലുമൊരാള്‍ പറഞ്ഞതുകേട്ട് എല്ലാവരും എഴുതിയതാവാനും മതി.

വളരെ നന്ദി ഷിജു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അനൂപ്‌,
വിശ്വാമിത്രന്‍ അഹങ്കാരം മൂത്ത്‌ താന്‍ വലിയ ആളാണെന്നു കാണിക്കുവാന്‍ സ്വയം ഒരു ജ്യോതിശ്ശാസ്ത്രം നിര്‍മ്മിച്ചു എന്നും . എന്നാല്‍ അതിലെ നക്ഷത്രാദികളുടെ configuration ഇന്നു നിലവിലുള്ള കല്‍പത്തിലെ സ്ഥിതിക്കനുസരണമല്ലാ അത്‌ ഇനി വരാനുള്ള ഒരു കല്‍പത്തിലെ ആണ്‌ എന്നും ബ്രഹ്മദേവന്‍ പറഞ്ഞു എന്നും ഞാന്‍ വായിച്ച ഒരു ഭാഗം അവിടെ എഴുതി എന്നേ ഉള്ളു.

ബയാന്‍ said...

തുടര്‍ന്നെഴുതുക; വായിക്കുന്നുണ്ട്.

ആവനാഴി said...

പ്രിയ അനൂപ്,

എന്റെ അഛനും നല്ലൊരു ജ്യോത്സ്യനായിരുന്നു. അനൂപിന്റെ ലേഖനം വായിച്ചു. തുടര്‍ന്നെഴുതൂ. വളരെ ഉപകാരപ്രദമാകും.

ഒരു തിരുത്ത്: രണ്ടര നാഴിക ഒരു മണിക്കൂറാകുമ്പോള്‍ ഒരു നാഴിക 24 മിനിറ്റാകും. 20മിനിറ്റല്ല.

സസ്നേഹം
ആവനാഴി.

Anoop Technologist (അനൂപ് തിരുവല്ല) said...

ആവനാഴി, ജ്യോതിഷ പാരമ്പര്യമുള്ളയാളാണ് താങ്കളെന്നറിയുന്നതില്‍ സന്തോഷം.

പിശക് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്.